മഹുവ മൊയ്ത്ര

 
India

സർക്യൂട്ട് ഹൗസിൽ നിന്ന് മഹുവ മൊയ്ത്ര‌യെ പുറത്താക്കിയ സംഭവം; ബംഗാൾ സർക്കാരിനോട് മറുപടി തേടി സുപ്രീം കോടതി

സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയിൽ മറുപടി സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: തനിക്ക് മുറി അനുവദിച്ചിരുന്നിട്ടും നദിയയിലെ സർക്യൂട്ട് ഹൗസിൽ നിന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ പുറത്താക്കിയെന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ഹർജിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി മറുപടി തേടി. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയിൽ മറുപടി സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ഹർജിക്കാരിക്ക് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

2026 ഓഗസ്റ്റ് 14ന് രാത്രിയിൽ സർക്യൂട്ട് ഹൗസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതായി മഹുവ മൊയ്ത്ര സമൂഹ മാധ്യമത്തിലൂടെ ആരോപിച്ചിരുന്നു. മുറി അനുവദിച്ചശേഷം തന്നെ സർക്യൂട്ട് ഹൗസിൽ നിന്ന് ഒഴിപ്പിക്കാൻ നദിയ ജില്ലാ ഭരണകൂടം ശ്രമിച്ച വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവർ കത്തും അയച്ചിരുന്നു.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണനഗർ എംപിയായ മഹുവ മുന്നറിയിപ്പ് നൽകിയിരുന്നു. പാർലമെന്‍റ് സമ്മേളനത്തിന് ശേഷം ഒരു രാത്രി തങ്ങുന്നതിനായി കൃഷ്ണനഗറിലെ സർക്യൂട്ട് ഹൗസിൽ എത്തിയതായിരുന്നു മഹുവ. എംപി എന്ന നിലയിൽ അവിടെ താമസിക്കാൻ തനിക്ക് അവകാശമുണ്ടെന്നും എന്നാൽ ജില്ലാ അധികൃതർ അർധരാത്രിയിൽ തന്നെ പുറത്തുപോകാൻ സമ്മർദം ചെലുത്തിയെന്നും അവർ ആരോപിച്ചു.