സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

 
India

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ആപ്പ്

ആൾക്കൂട്ടത്തിനിടയിലെ സംശയാസ്പദരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുന്നതിനായി ‘അഭിഗ്യാൻ’ ആപ്പ്, മുഖം തിരിച്ചറിയൽ സംവിധാനമുള്ള വാനുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് പൊലീസ് ഉപയോഗിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബഹുതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തി പൊലീസ്. ആൾക്കൂട്ടത്തിനിടയിലെ സംശയാസ്പദരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുന്നതിനായി ‘അഭിഗ്യാൻ’ ആപ്പ്, മുഖം തിരിച്ചറിയൽ സംവിധാനമുള്ള വാനുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് പൊലീസ് ഉപയോഗിക്കുന്നത്.

ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഓഗസ്റ്റ് 15ന് നടക്കുന്ന ചടങ്ങിനായി ഡൽഹി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 15,000 മുതൽ 20,000 വരെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഐപികളും വിവിഐപികളും ഉൾപ്പെടെ ഏകദേശം 25,000 പേർ ചെങ്കോട്ടയിലെ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ആദ്യമായാണ് ‘അഭിഗ്യാൻ’ ആപ്പ് വിപുലമായി ഉപയോഗിക്കുന്നത്. ഒരു കോടിയിലധികം കുറ്റവാളികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റാബേസ് ആപ്പിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുത്ത ആളുകളുടെ വിരലടയാളം ശേഖരിച്ച് പരിശോധിക്കും.

വിരലടയാളം ഡാറ്റാബേസുമായി ബന്ധപ്പെടുത്തി ഏതാനും സെക്കൻഡുകൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കും. ചുവപ്പ് സൂചന ലഭിച്ചാൽ വ്യക്തിക്ക് ക്രിമിനൽ റെക്കോർഡുണ്ടെന്നും ബന്ധപ്പെട്ട വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പച്ച സൂചന ലഭിച്ചാൽ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നാണ് അർഥം.

ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകൾ ഉൾപ്പെടെ ഏകദേശം 1,000 സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കുള്ളിൽ ഹൈടെക് സിസിടിവി കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും 24 മണിക്കൂറും പ്രദേശം നിരീക്ഷിക്കും.

ചെങ്കോട്ടയിൽ നിന്ന് നിരവധി കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്കും നിരീക്ഷണ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഉയർന്ന കെട്ടിടങ്ങളിലും സ്നൈപ്പർമാരെ വിന്യസിക്കും. അനധികൃത ആകാശ പ്രവർത്തനങ്ങൾ തടയുന്നതിനായി ആന്‍റി ഡ്രോൺ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

മുഖം തിരിച്ചറിയൽ സംവിധാനമുള്ള വാനുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ആൾക്കൂട്ടത്തിലെ മുഖങ്ങൾ സ്കാൻ ചെയ്ത് ലഭ്യമായ ഡാറ്റാബേസുകളുമായി താരതമ്യം ചെയ്യുകയാണ് ഇവയുടെ പ്രവർത്തനം. പിടികിട്ടാപ്പുള്ളിയെയോ സംശയാസ്പദ വ്യക്തിയെയോ കണ്ടെത്തിയാൽ സിസ്റ്റം അലർട്ട് നൽകുകയും വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യും. തുടർന്ന് അടിയന്തര പരിശോധനയും ആവശ്യമായ നടപടികളും സ്വീകരിക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പട്ടം പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ഝാർഖണ്ഡിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഒൻപത് പേർക്ക് പരുക്ക്

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

സിറാജിന്‍റെ ബാറ്റിങ് പ്രാക്റ്റിസ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഒരുകോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുമായി ആറ് പേർ അറസ്റ്റിൽ

മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം