ഇന്ത്യാ സഖ്യത്തിന്റെ റാലി ഞായറാഴ്ച
representative image
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നവംബർ ഒന്നിന് രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിയോടനുബന്ധിച്ച് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ആവശ്യാനുസരണം ഗതാഗതം തിരിച്ചുവിടുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.
നേതാജി സുഭാഷ് മാർഗ് ടി-പോയിന്റ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐടിഒ എ-പോയിന്റ്, അജ്മീരി ഗേറ്റ് റെഡ് ലൈറ്റ്, രഞ്ജിത് സിങ് ഫ്ലൈഓവർ, ഝണ്ഡേവാലൻ റൗണ്ട്എബൗട്ട്, തുർക്ക്മാൻ ഗേറ്റ്, മിർദാർഡ് ചൗക്ക് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.
ഐടിഒ മുതൽ ഡൽഹി ഗേറ്റ് വരെയുള്ള ബഹാദൂർ ഷാ സഫർ മാർഗ്, രാജ്ഘട്ട് മുതൽ അജ്മീരി ഗേറ്റ് വരെയുള്ള ജവഹർലാൽ നെഹ്റു മാർഗ്, അരുണ ആസഫ് അലി റോഡ്, മിന്റോ റോഡ്, ദേശ്ബന്ധു ഗുപ്ത റോഡ്, ബാരക്കംബ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഗതാഗതം നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനും സെൻട്രൽ ഡൽഹിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ലോക് നായക് ജയപ്രകാശ് (എൽഎൻജെപി) ആശുപത്രിക്ക് സമീപം അടിയന്തര വാഹനങ്ങൾക്കായി പ്രത്യേക പാത ഒരുക്കും. ആശുപത്രിക്ക് എതിർവശത്തെ റെയ്ൽവേ പാർക്കിങ് ഏരിയ, ഡൽഹി മെട്രൊ റെയ്ൽ കോർപറേഷന്റെ പാർക്കിങ് കേന്ദ്രങ്ങൾ, രാജ്ഘട്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബഹാദൂർ ഷാ സഫർ മാർഗ്, രാജ്ഘട്ട്-ജെഎൻഎൽ മാർഗ്, ഡിബിജി റോഡ്, മിന്റോ റോഡ് എന്നിവിടങ്ങളിലെ ബസ് ഗതാഗതത്തിനും നിയന്ത്രണമുണ്ടാകാം.
ന്യൂഡൽഹി റെയ്ൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഡിബിജി റോഡ് ഭാഗത്ത് നിന്ന് എത്തുന്നവർ ചെൽംസ്ഫോർഡ് റോഡ്, കൊണോട്ട് പ്ലേസിന്റെ ഔട്ടർ സർക്കിൾ, മിന്റോ റോഡ്, ഭവ്ഭൂതി മാർഗ് എന്നിവ ഉപയോഗിക്കാം. കിഴക്കൻ ഡൽഹിയിൽനിന്നുള്ളവർ ഐടിഒ, ദീൻദയാൽ ഉപാധ്യായ മാർഗ്, ഭവ്ഭൂതി മാർഗ് വഴി സ്റ്റേഷനിലെത്തണമെന്നും നിർദേശമുണ്ട്.
'വോട്ട് മോഷണം' ആരോപണം ഉന്നയിച്ചും വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് ഇന്ത്യാ സഖ്യം രാംലീല മൈതാനിയിൽ മഹാറാലി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ്-കൊണോട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനിയിലേക്ക് മാർച്ചും നടത്തും.