ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്‍റെ യോഗത്തിന് ശേഷം നേതാക്കൾ നടത്തിയ വാർത്താസമ്മേളനം

 
India

ഇന്ത്യാ സഖ്യം ഒറ്റക്കെട്ട്; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ ഉടൻ നീക്കണമെന്ന് മമത

ഒക്റ്റോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യാ സഖ്യം ശക്തമായി ഒറ്റക്കെട്ടാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഗുരുതരമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകളും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ കൃത്രിമത്വവും ആരോപിച്ച മമത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ ഉടൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യാ സഖ്യ നേതാക്കൾ ബുധനാഴ്ച ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമത.

മധ്യപ്രദേശ്, ഹരിയാന, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ‘വോട്ട് മോഷണം’ നടന്നതായി പ്രതിപക്ഷം പലതവണ ഉന്നയിച്ചിട്ടുണ്ടെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചും ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ വിഷയങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെയും സുപ്രീം കോടതിയുടെയും ശ്രദ്ധയിൽപ്പെടുത്തിയെന്നും സാധ്യമായ എല്ലാ വാതിലുകളും മുട്ടിയെന്നും അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ എല്ലാം പുറത്തുവന്നിരിക്കുകയാണ്. വോട്ട് മോഷണത്തിനും ഗുരുതരമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കും ജ്ഞാനേഷ് കുമാറാണ് ഉത്തരവാദിയെന്നും മമത ആരോപിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി (ഇവിഎം) ബന്ധപ്പെട്ടും പ്രത്യേകിച്ച് അവ കൈകാര്യം ചെയ്ത രീതിയിലും വോട്ടെണ്ണൽ പ്രക്രിയയിലും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു. അതിനാൽ ജ്ഞാനേഷ് കുമാർ ഉടൻ രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. ജ്ഞാനേഷ് കുമാർ സ്ഥാനത്ത് തുടരുകയാണെങ്കിൽ പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

എസ്ഐആറുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം ബുധനാഴ്ച സംയുക്ത പ്രവർത്തനപദ്ധതിയും പ്രഖ്യാപിച്ചു. ഒക്റ്റോബർ 2 മുതൽ 8 വരെ ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി മാർച്ചുകൾ നടത്തും. ഒക്റ്റോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.

കൂടാതെ അഞ്ച് വലിയ റാലികൾ സംഘടിപ്പിക്കാനും ഒക്റ്റോബർ രണ്ടാമത്തെ ആഴ്ച രാഷ്ട്രപതിയെ കാണാൻ സമയം തേടാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ടതും തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടതുമായ കേസുകൾ വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീം കോടതിയോടും അവർ അഭ്യർഥിച്ചു.

ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് സഖ്യത്തിലെ എല്ലാ പാർട്ടികളും അംഗീകരിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സുപ്രിയ സുലെ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, കപിൽ സിബൽ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.