ജ്ഞാനേഷ് കുമാറിനെതിരേ 'ഇന്ത്യ' സഖ്യത്തിന്‍റെ പ്രതീകാത്മക ഇംപീച്ച്‌മെന്‍റ് നടപടി; പ്രമേയം അവതരിപ്പിച്ച് ഖാർഗെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ രാജാജിമാർഗിലെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം.എ. ബേബി, ഡി. രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും പങ്കെടുത്തു.
തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമവിരുദ്ധ നടപടികൾ തുറന്നുകാട്ടാനുമാണ് ഈ പ്രതിഷേധമെന്ന് നേതാക്കൾ വ്യക്തമാക്കി. സമീപകാല തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടവയാണെന്നും, അതിനാൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിയമവിരുദ്ധമാണെന്നുമുള്ള ഇന്ത്യാ നേതാക്കൾ ആവർത്തിച്ചു.
പാർലമെന്‍റിന്‍റെ പ്രവർത്തനരീതിക്ക് സമാനമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ, മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിഷേധം വ്യാപിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരം രാജ്യത്തെ വോട്ടവകാശവും ജനാധിപത്യവും ഇല്ലാതാക്കാനാണ് കമ്മീഷൻ ശ്രമിച്ചതെന്ന് ഖർഗെ ആരോപിച്ചു. 13 കോടിയോളം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതടക്കം 7 കുറ്റങ്ങളാണ് പ്രധാനമായും പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചത്. പാർലമെന്‍റ് അറിയാതെ ഫോം 6 ൽ മാറ്റം വരുത്തി, ഇസിഐ നെറ്റ് സംവിധാനം പിടിച്ചെടുത്തു, രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിർദേശങ്ങൾ അവഗണിച്ചു എന്നിവയും കമ്മീഷണർക്കെതിരായ കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.