അഞ്ച് മയിലുകളെ യുഎന്നിന് സമ്മാനിച്ച് ഇന്ത്യ; അരിയാന ഉദ്യാനത്തിൽ വളർത്തും
ജനീവ: ഐക്യരാഷ്‌ട്ര സഭയ്ക്ക് (യുഎൻ) അഞ്ച് മയിലുകളെ സമ്മാനമായി നൽകി ഇന്ത്യ. ദശാബ്ദങ്ങൾ പഴക്കമുള്ള പാരമ്പര്യം പൊടി തട്ടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് മയിലുകളെ ജനീവയിലേക്ക് കൈമാറിയത്. വെള്ളിയാഴ്ച നടന്ന പ്രത്യേക പരിപാടിയിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അരിന്ദം ബാഗ്ചി ഔദ്യോഗികമായി മയിലുകളെ യുഎൻഒജി ഡയറക്റ്റർ ജനറൽ തത്യാന വലോവായയ്ക്ക് കൈമാറി.
നീല നിറമുള്ള പീലികളോടു കൂടിയ നാല് മയിലുകൾക്കൊപ്പം വെളുത്ത പീലികൾ മാത്രമുള്ള ഒരു അപൂർവ ഇനം മയിലിനെയുമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് ജനീവയിലേക്ക് ഇന്ത്യ മയിലുകളെ നൽകുന്നത്.
1981ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഡൽഹി മൃഗശാലയിൽ നിന്നും ഒരു ആൺ മയിലിനെയും ഒരു പെൺമയിലിനെയും കൈമാറിയിരുന്നു. ജനീവയിലെത്തിച്ച മയിലുകളെ ആദ്യ മൂന്നു മാസങ്ങൾ കൂട്ടിനുള്ളിൽ ആയിരിക്കും സംരക്ഷിക്കുക. പിന്നീട് കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞാൽ അരിയാന പാർക്കിൽ സ്വതന്ത്രമായി തുറന്നു വിടും. ജനീവയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് അരിയാന പാർക്ക്.