എസ്-400 വ്യോമപ്രതിരോധ സംവിധാനം
ന്യൂഡൽഹി: പാക്കിസ്ഥാൻ അതിർത്തിയിൽ അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം അടുത്ത വർഷം ഫെബ്രുവരിയോടെ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ 740 കിലോമീറ്റർ വരുന്ന നിയന്ത്രണരേഖയിൽ (എൽഒസി) വ്യോമപ്രതിരോധം ശക്തമാക്കുന്നതിനാണ് എസ്-400 വിന്യസിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ മൂന്ന് എസ്-400 സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ 1,126 കിലോമീറ്റർ വരുന്ന യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) സംരക്ഷണം നൽകുന്നതിനായി നാലാമത്തെ എസ്-400 അസമിലും വിന്യസിച്ചു.
അഞ്ചാമത്തെ എസ്-400 സംവിധാനം തയ്യാറാകുന്നതിന് മുന്നോടിയായി അടുത്ത മാസം റഷ്യയിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ പരിശോധനാ സംഘം സന്ദർശനം നടത്തും. അടുത്ത വർഷം റഷ്യയിൽ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാലിസ്റ്റിക് മിസൈലുകൾ, വിമാനങ്ങൾ, ആളില്ലാ യുദ്ധവിമാനങ്ങൾ, കാമികാസെ ഡ്രോണുകൾ തുടങ്ങിയവയെ 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിൽ പ്രതിരോധിക്കാൻ എസ്-400 സംവിധാനത്തിന് കഴിയും. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ മിസൈലുകളും റോക്കറ്റുകളും ഇന്ത്യൻ ഭൂപ്രദേശത്ത് പതിക്കുന്നത് തടയാനും യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ തകർക്കാനും എസ്-400ന് സാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ചൈന പാക്കിസ്ഥാന് ജെ-35 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നൽകാൻ പദ്ധതിയിടുന്ന പശ്ചാത്തലത്തിൽ ദീർഘദൂര ആയുധങ്ങളും അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം.