ബർഖ തംറക്കർ
File
2026 ഒക്റ്റോബറിൽ, ഡൽഹിയിലെ യുവജന പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് നടപടികളെ 'അമിത കർക്കശം' എന്ന് വിശേഷിപ്പിച്ച് 20-ലധികം യുഎൻ മനുഷ്യാവകാശ വിദഗ്ധർ ജനീവയിൽ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ, വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ബർഖ തംറക്കർ യുഎൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ ഇന്ത്യയ്ക്കു വേണ്ടി തിരിച്ചടിച്ചു. മനുഷ്യാവകാശം രാഷ്ട്രീയ സമ്മർദത്തിന്റെ ഉപകരണമോ തെരഞ്ഞെടുത്ത ലക്ഷ്യമിടലോ ആകരുതെന്ന് അവർ വ്യക്തമാക്കി. പ്രത്യേക സമഗ്ര പുനഃപരിശോധന (എസ്ഐആർ) പ്രക്രിയ 13 കോടി ആളുകളെ ബാധിക്കുന്നതായി യുഎൻ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
ന്യൂഡൽഹി: ഡൽഹിയിലെ യുവജന പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് നടപടികളിൽ അമിതമായ കാർക്കശ്യം ആരോപിച്ച് ഇരുപതിലധികം യുഎൻ മനുഷ്യാവകാശ വിദഗ്ധർ ജനീവയിൽ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ, മനുഷ്യാവകാശം രാഷ്ട്രീയ സമ്മർദത്തിന്റെ ഉപകരണമോ രാജ്യങ്ങളെ തെരഞ്ഞെടുത്ത് ലക്ഷ്യമിടാനുള്ള മാർഗമോ ആകരുതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
യുഎൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ ചൊവ്വാഴ്ച ഇന്ത്യയ്ക്കുവേണ്ടി പ്രസ്താവന നടത്തിയത് വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ബർഖ തംറക്കറാണ്.
മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിലുള്ള ഭരണഘടനാപരവും സ്ഥാപനപരവുമായ സുരക്ഷാ സംവിധാനങ്ങൾ തംറക്കർ ചൂണ്ടിക്കാട്ടി.
'അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങളുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്, എന്നാൽ അത്തരം ഇടപെടൽ സംവാദം, കൂടിയാലോചന, സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതും, വിവേചനരഹിതതയും സുതാര്യതയും മാർഗദർശക തത്വങ്ങളായി സ്വീകരിക്കുന്നതുമായിരിക്കണം,' അവർ കൂട്ടിച്ചേർത്തു.
കൃത്യമായ രേഖകളോടെ പിന്തുണയ്ക്കുന്ന പ്രത്യേക കേസുകൾ, സ്ഥാപിത മാർഗങ്ങളിലൂടെ പരിഹരിക്കാൻ ഇന്ത്യ തയാറാണെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും, സ്ഥിരീകരിക്കാത്ത ആരോപണങ്ങളെയോ അപൂർണമായ സ്ഥിതിവിവരക്കണക്കുകളെയോ, ഇന്ത്യയെക്കുറിച്ച് യാതൊരു പരിജ്ഞാനവും ഇല്ലാത്ത റിപ്പോർട്ടുകളെയോ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെക്കുറിച്ചുള്ള നിഷേധാത്മക ചിത്രീകരണമാക്കി മാറ്റാനുള്ള ഏതു ശ്രമത്തെയും ഇന്ത്യ എതിർക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
നിർബന്ധിത തിരോധാനങ്ങൾക്കെതിരേ ഉത്തരവാദിത്വം, സുതാര്യത, സഹകരണം എന്നിവയ്ക്കായുള്ള ആഹ്വാനവും തംറക്കർ നടത്തി. നിയമവാഴ്ചയാൽ നിയന്ത്രിക്കപ്പെടുന്ന ഊർജസ്വലമായ ജനാധിപത്യമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച അവർ, നിർബന്ധിത തിരോധാനങ്ങൾക്കെതിരായ സുരക്ഷാ കവചങ്ങളായി ഭരണഘടനാ വ്യവസ്ഥകളും സ്വതന്ത്ര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി പറഞ്ഞു.
'നിർബന്ധിത തിരോധാനങ്ങൾ മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണ്, ഇരകളുടെ കുടുംബങ്ങളെ ആഴത്തിൽ ബാധിക്കുന്നതുമാണ്. പ്രതിരോധ നടപടികൾ, ഉത്തരവാദിത്വം, സിവിൽ സമൂഹത്തിന്റെ സംരക്ഷണം എന്നിവയിലൂടെ ഈ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റെ സംഭവങ്ങൾ ഇല്ലാതാക്കാൻ രാഷ്ട്രങ്ങളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു,' അവർ പറഞ്ഞു.
നിർബന്ധിത തിരോധാനങ്ങളിൽനിന്ന് എല്ലാ വ്യക്തികളെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ടെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങളുമായുള്ള തങ്ങളുടെ ഇടപെടൽ ഇന്ത്യ ആവർത്തിച്ച് ഉറപ്പിച്ചതായും അവർ അറിയിച്ചു.
കാർക്കശ്യം അമിതമെന്ന് യുഎൻ വിദഗ്ധർ
കഴിഞ്ഞ മൂന്ന് മാസങ്ങളായി ഡൽഹിയിലും മറ്റിടങ്ങളിലും നടന്ന യുവജന നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളോടുള്ള ഇന്ത്യൻ പൊലീസിന്റെ പ്രതികരണം അമിതമായ കാർക്കശ്യത്തോടെയാണെന്ന് യുഎൻ വിദഗ്ധർ വിമർശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾ അനുവദിക്കാനും, ഈ പ്രക്ഷോഭങ്ങളിലും മുൻകാല പ്രക്ഷോഭങ്ങളിലും ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് നീതി ഉറപ്പാക്കാനും അധികൃതരോട് അവർ ആവശ്യപ്പെട്ടു.
'ഈ അടിച്ചമർത്തൽ, ഗൗരവമേറിയ ഒരു വിശാല പാറ്റേണിനെ പ്രതിഫലിപ്പിക്കുന്നു,' ചൊവ്വാഴ്ച ജനീവയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വിദഗ്ധർ പറഞ്ഞു. 'സമാധാനപരമായ കൂട്ടം ചേരലിനുള്ള അനാവശ്യ നിയന്ത്രണങ്ങൾ, അമിത ബലപ്രയോഗം, സ്വേച്ഛാധികാരപരമായ തടങ്കൽ, നിർബന്ധിത തിരോധാനങ്ങൾ, വിദ്യാർഥി പ്രവർത്തകരെ ലക്ഷ്യമിടൽ എന്നിവയെക്കുറിച്ച് ഇന്ത്യൻ അധികൃതർക്ക് ഞങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.'
പ്രത്യേക സമഗ്ര പുനഃപരിശോധന (എസ്ഐആർ) പ്രക്രിയ 13 കോടി ആളുകളെ ബാധിക്കുന്നതായും-മെക്സിക്കോയുടെ ജനസംഖ്യയ്ക്കു തുല്യം-ഇതിൽ മുസ്ലിം ന്യൂനപക്ഷം, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവരും ഉൾപ്പെടുന്നുവെന്നും വിദഗ്ധർ പറഞ്ഞു.
ആരോപണങ്ങൾക്കു പിന്നിൽ കേട്ടുകേൾവി മാത്രമെന്ന് ഇന്ത്യ
കഴിഞ്ഞയാഴ്ച, ഇന്ത്യയിലെ യുവജനങ്ങൾ രൂപീകരിച്ച കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ സംഘടനയെക്കുറിച്ചും, അംഗങ്ങൾ പ്രതികാര നടപടികൾ നേരിട്ടതിനെക്കുറിച്ചും പരാമർശിച്ച ഒരു യുഎൻ മനുഷ്യാവകാശ വിദഗ്ധന്റെ റിപ്പോർട്ടിനെ 'കേട്ടുകേൾവി' എന്ന് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് അവകാശവാദങ്ങൾ പരിശോധിക്കാൻ ഈ വിദഗ്ധനോട് ന്യൂഡൽഹി ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിലെ വൻ പ്രതിഷേധങ്ങൾക്കു മുന്നോടിയായും അതിനിടയിലും, പ്രക്ഷോഭകർ, പ്രതിഷേധ നേതാക്കൾ, സിവിൽ സൊസൈറ്റി സംഘടനകളിലെ അംഗങ്ങൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ കൂട്ട തടങ്കൽ' സംബന്ധിച്ച റിപ്പോർട്ടുകളിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫിസ് ആശങ്ക ഉന്നയിച്ചിരുന്നു. ഓഫിസിന്റെ പരാമർശങ്ങളെ 'അനാവശ്യം', 'ആഭ്യന്തര കാര്യങ്ങളിലുള്ള അസ്വീകാര്യമായ ഇടപെടൽ' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.