പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലങ്കാനയിലെ നാല് പേർ ഏജന്‍റുമാരുടെ ചതിയിൽ കുടുങ്ങി റഷ്യയിൽ യുദ്ധമുഖത്ത് സൈനികരായി ജോലി ചെയ്യേണ്ടി വന്നുവെന്ന് കുടുംബാംഗങ്ങളുടെ പരാതി. നിസാമാബാദ്, കാമറെഡ്ഡി എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് കൂലിപ്പട്ടാളക്കാരായി അകപ്പെട്ടത്.
ഭുക്യ രവീന്ദർ, സിരുഷു അശോക്, മെഗാവത് പ്രകാശ്, മുഹമ്മദ് അഫ്സൽ ഖാൻ എന്നിവരാണ് ചതിയിൽപ്പെട്ടത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ജനപരാതി പരിഹാര പരിപാടിയിൽ നിവേദനം നൽകി. നിവേദനം വിദേശകാര്യ മന്ത്രാലയത്തിന് നൽകാൻ കൈമാറിയതായി തെലങ്കാന സർക്കാരിന്‍റെ എൻആർഐ അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ മന്ദ ഭീം റെഡ്ഡി പറഞ്ഞു.
തൊഴിൽ വാഗ്ദാനം ചെയ്തിനെ തുടർന്നാണ് നാല് പേരും റഷ്യയിലേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ നിവേദനത്തിൽ പറയുന്നു. ആദ്യം പുല്ലുവെട്ടൽ, പൂന്തോട്ട പരിപാലനം തുടങ്ങിയ ജോലികളിലായിരുന്നു ഇവർ. ഏകദേശം അഞ്ച് മാസം ജോലി ചെയ്തെങ്കിലും രണ്ട് മാസത്തെ വേതനം മാത്രമാണ് ലഭിച്ചതെന്നും പിന്നീട് ജോലി നഷ്ടപ്പെട്ടതായും കുടുംബാംഗങ്ങൾ പറഞ്ഞു.
തുടർന്ന് റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട ജോലികളിലേക്ക് ഇവരെ പ്രേരിപ്പിച്ചതായാണ് പരാതി. റഷ്യൻ പൗരത്വവും സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് സൈനിക ജോലികളിലേക്ക് എത്തിച്ചതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ബോംബുകൾ കൊണ്ടുപോകാനും അപകടകരമായ യുദ്ധമുഖത്തെ ചുമതലകൾ നിർവഹിക്കാനും ഇവരെ നിർബന്ധിച്ചെന്നും ശാരീരികമായി ഉപദ്രവിക്കപ്പെട്ടതിനെ തുടർന്ന് പരുക്കേറ്റതായും കുടുംബാംഗങ്ങൾ പറയുന്നു.
നാട്ടിലുള്ള കുടുംബങ്ങളുമായുള്ള ഇവരുടെ ആശയവിനിമയം വളരെ പരിമിതമായിരുന്നു. തങ്ങൾ യുക്രെയ്ൻ അതിർത്തി കടന്നതായി ഇവർ കുടുംബാംഗങ്ങളെ അറിയിച്ചതായും നിവേദനത്തിൽ പറയുന്നു.
വിദേശകാര്യ മന്ത്രാലയം, മോസ്കോയിലെ ഇന്ത്യൻ എംബസി, ബന്ധപ്പെട്ട റഷ്യൻ അധികൃതർ എന്നിവരുമായി ഏകോപിച്ച് ഇവരെ തിരിച്ചെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇവരെ റഷ്യയിലേക്ക് അയച്ച ഏജന്‍റുമാരെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
മുൻപ് മലയാളികളും ഇത്തരത്തിൽ കൂലിപ്പട്ടാളക്കാരായി റഷ്യയിൽ അകപ്പെട്ടിരുന്നു. ഏജന്‍റുമാരുടെ ചതിയെ തുടർന്നാണ് മലയാളികളും കുടുങ്ങിയത്.