ഇനി അനധികൃത കുടിയേറ്റക്കാർക്ക് പണികിട്ടും; 7 വർഷം വരെ ജയിലിൽ കിടക്കും

 
India

ഇനി അനധികൃത കുടിയേറ്റക്കാർക്ക് പണികിട്ടും; 7 വർഷം വരെ ജയിലിൽ കിടക്കും

പ്രാബല്യത്തിൽ വന്ന പുതി‍യ കുടിയേറ്റ-വിദേശി നിയമത്തിലെ വ്യവസ്ഥകൾ ഇങ്ങനെ...

ന്യൂഡൽഹി: രാജ്യത്ത് പുതിയ കുടിയേറ്റ-വിദേശി നിയമം (ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്റ്റ്) തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ കുടിയേറ്റ നിയമങ്ങൾ ഏകീകരിക്കുന്നതും പുതുക്കുന്നതും വ്യാജ പാസ്‌പോർട്ടുകളോ വിസകളോ ഉപയോഗിക്കുന്നതിന് കർശനമായ ശിക്ഷകൾ ചുമത്തുകയും ചെയ്യുന്നതാണ് നിയമം.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ പുതിയ നിയമം പാസാക്കുകയും ഏപ്രിൽ 4 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ അനുമതി നേടുകയും ചെയ്തു. 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിന്‍റെ (2025 ലെ 13) സെക്ഷൻ 1 ലെ ഉപവകുപ്പ് (2) പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച്, 2025 സെപ്റ്റംബർ 1 മുതൽ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇത് പ്രകാരം നിയമം പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നിതേഷ് കുമാർ വ്യാസ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

ഇന്ത്യയിൽ അനധികൃതമായി പ്രവേശിക്കുക, താമസിക്കുക, ഇന്ത്യ വിടുക, വ്യാജ പാസ്‌പോർട്ടോ വിസയോ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങൾ‌ക്ക് 2 വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലഭിച്ചേക്കും. മാത്രമല്ല ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഈടാക്കാൻ നിയമം പറയുന്നു.

സാധുവായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് അഞ്ച് വർഷം വരെ തടവോ, 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കാലാവധി കഴിഞ്ഞും ഇന്ത്യയിൽ താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഹോട്ടലുകൾ, സർവകലാശാലകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദേശ പൗരന്മാരുടെ രേഖകൾ കൃത്യമായി പരിശോധിക്കാനും റിപ്പോർട്ട് ചെയ്യാനും നിയമം അനുശാസിക്കുന്നു. അന്താരാഷ്ട്ര വിമാനക്കമ്പനികളും ഷിപ്പിങ് കമ്പനികളും യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇമിഗ്രേഷൻ അധികാരികൾക്ക് മുൻകൂട്ടി നൽകേണ്ടതുണ്ട്.

1920-ലെ പാസ്‌പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939-ലെ വിദേശികളുടെ രജിസ്ട്രേഷൻ നിയമം, 1946-ലെ വിദേശികളുടെ നിയമം, 2000-ലെ ഇമിഗ്രേഷൻ നിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു