ഒറാങ് ഉട്ടാൻ കുഞ്ഞുങ്ങളെ അവകാശപ്പെട്ട് ഇന്തോനേഷ്യ; തെളിവ് വേണമെന്ന് ഒഡീശ

 
India

ഒറാങ് ഉട്ടാൻ കുഞ്ഞുങ്ങളെ അവകാശപ്പെട്ട് ഇന്തോനേഷ്യ; തെളിവ് വേണമെന്ന് ഒഡീശ

രണ്ടു മാസങ്ങൾക്കു മുൻപ് അഞ്ച് ഒറാങ് ഉട്ടാൻ കുഞ്ഞുങ്ങളെയാണ് ഒഡീശയിലെ വനംവകുപ്പ് രക്ഷപെടുത്തിയത്.

നീതു ചന്ദ്രൻ

ഭുവനേശ്വർ: വനത്തിൽ നിന്ന് രക്ഷപെടുത്തിയ ഒറാങ് ഉട്ടാൻ കുഞ്ഞുങ്ങൾക്ക് അവകാശം ഉന്നയിച്ച് ഇന്തോനേഷ്യ. എന്നാൽ ഒരു രാജ്യവും ഇതു വരെയും ശക്തമായ തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്ന് ഒഡീശ വനംവകുപ്പ് മന്ത്രി ഗണേഷ് റാം സിങ് ഖുന്തിയ വ്യക്തമാക്കി. രണ്ടു മാസങ്ങൾക്കു മുൻപ് അഞ്ച് ഒറാങ് ഉട്ടാൻ കുഞ്ഞുങ്ങളെയാണ് ഒഡീശയിലെ വനംവകുപ്പ് രക്ഷപെടുത്തിയത്. അവയെ ഇപ്പോൾ നന്ദൻകാനൻ സുവോളജിക്കൽ പാർക്കിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇന്തോനേഷ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഒറാങ് ഉട്ടാൻ കുഞ്ഞുങ്ങളുടെ ഉത്ഭവം അവരുടെ നാട്ടിൽ നിന്നാണെന്നാണ് അവകാശവാദം. ശക്തമായ തെളിവു സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാൽ ഒറാങ് ഉട്ടാനുകളെ അവർക്കു കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒറാങ് ഉട്ടാനുകൾക്കു ചേർന്ന കാലാവസ്ഥയാണ് ഒഡീശയിലേത്. അതു കൊണ്ട് അവയെ ഇവിടെ തന്നെ നില നിർത്തണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറയുന്നു.

നിലവിൽ താപനില പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കൂട്ടിലാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. കാലക്രമേണ വനാന്തരീക്ഷത്തിലേക്ക് മാറ്റും. ഒഡീശയിലെ നന്ദൻകാനൻ പാർക്കിൽ ഒറാങ് ഉട്ടാനുകൾക്കു വേണ്ടി പ്രത്യേക സജ്ജീകരണം ‌ഒരുക്കിയിട്ടുണ്ട്. 2019ൽ 41 വയസുള്ള പെൺ ഒറാങ് ഉട്ടാൻ ചത്തതോടെ ഈ സജ്ജീകരണം ഒഴിഞ്ഞു കിടക്കുകയാണ്.