എൻഎസ്ജി കമാൻഡോകൾക്ക് പുതിയ യൂണിഫോം വരുന്നു

 
India

കടുത്ത ചൂട്; എൻഎസ്ജി കമാൻഡോകൾക്ക് പുതിയ യൂണിഫോം വരുന്നു

നൈലോണും കോട്ടണും ചേർന്ന 'നൈകോ' (Nyco) തുണികൊണ്ടുള്ള യൂണിഫോമാണ് ശുപാർശ ചെയ്തിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: കടുത്ത ചൂടിൽ ശാരീരിക അവശതകൾ നേരിടുന്ന സാഹചര്യത്തിൽ വിഐപി സുരക്ഷാ ചുമതലയിലുള്ള ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾക്ക് പുതിയ 'ശ്വസനക്ഷമ' യൂണിഫോം ശുപാർശ ചെയ്ത് ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി). നൈലോണും കോട്ടണും ചേർന്ന 'നൈകോ' (Nyco) തുണികൊണ്ടുള്ള യൂണിഫോമാണ് ശുപാർശ ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എൻഎസ്‌ജി കമാൻഡോ കഴിഞ്ഞ ഏപ്രിലിൽ കുഴഞ്ഞുവീണ സംഭവമാണ് പുതിയ തീരുമാനത്തിന് പിന്നിൽ. വിജയവാഡയിൽ അന്ന് 44 ഡിഗ്രിയോളം ചൂടുണ്ടായിരുന്നു. കറുത്ത യൂണിഫോമിന് മുകളിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചിരുന്ന കമാൻഡോയ്ക്ക് കടുത്ത ചൂടിനെ തുടർന്ന് ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. നായിഡു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കമാൻഡോ കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ താങ്ങിപ്പിടിച്ചത്.

സംഭവം ഗൗരവമായി പരിഗണിച്ച എൻഎസ്ജി ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും ഉയർന്ന താപനില വിഐപി സുരക്ഷാ സംഘങ്ങളുടെ ശാരീരികക്ഷമതയെ ബാധിക്കുന്നതായി വിലയിരുത്തി. കറുത്ത ഓവർഓൾ യൂണിഫോം ചൂട് കൂടുതലായി ആഗിരണം ചെയ്യുന്നതിനൊപ്പം ഏകദേശം ആറ് കിലോഗ്രാം ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ആശയവിനിമയ ഉപകരണങ്ങളും കമാൻഡോകൾക്ക് അധിക ഭാരമാകുന്നുണ്ട്.

വായുവും ഈർപ്പവും കടന്നുപോകാൻ അനുവദിക്കുന്ന നൈകോ തുണി ശരീരത്തെ തണുപ്പോടെ നിലനിർത്താൻ സഹായിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കാട്ടിലെ പോരാട്ടങ്ങളിൽ വൈദഗ്ധ്യം നേടിയ സിആർപിഎഫിന്‍റെ കോബ്ര കമാൻഡോകളും സമാനമായ തുണികൊണ്ടുള്ള യൂണിഫോമാണ് ഉപയോഗിക്കുന്നത്.

പുതിയ യൂണിഫോമിന്‍റെ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്. വൈകാതെ തുണി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുമ്പോഴേക്കും കമാൻഡോകൾ പുതിയ യൂണിഫോമിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഒമ്പത് പ്രമുഖ വ്യക്തികൾക്കാണ് എൻഎസ്ജി ഇസഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ നൽകുന്നത്. ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി മായാവതി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി, കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള എന്നിവരാണ് സുരക്ഷാ പട്ടികയിലുള്ളത്.

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, വിമാനറാഞ്ചൽ വിരുദ്ധ ദൗത്യങ്ങൾ, വിഐപി സുരക്ഷ എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട കേന്ദ്ര സേനയാണ് എൻഎസ്ജി. വിഐപി സുരക്ഷയ്ക്കായി രണ്ട് സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പുകളാണ് സേനയ്ക്കുള്ളത്.