ജ്ഞാനേഷ് കുമാർ
ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര‍്യത്തിലാണ് ഡൽഹി പൊലീസ് ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ കൂട്ടിയത്. പുതിയ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനാലാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലും ജ്ഞാനേഷ് കുമാറിന്‍റെ വീടിനു പുറത്തും സുരക്ഷയ്ക്കു വേണ്ടി കൂടുതൽ സൈനികരെ വിന‍്യസിച്ചതായാണ് വിവരം. പത്തിലേറെ എൻഎസ്ജി കമാൻഡോകളും പൊലീസും ഉൾപ്പടെ 55 സുരക്ഷാ ഉദ‍്യോഗസ്ഥർ അടങ്ങുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജ്ഞാനേഷ് കുമാറിന് നൽകി വരുന്നത്.
രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രതിഷേധം നടക്കാനിരിക്കുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ സുരക്ഷാ ഏജൻസികളും ഏകോപിച്ച് പ്രവൃത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എസ്ഐആറിലെ ക്രമക്കേടുകളും ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം നടത്തുന്നത്.