പ്രദേശത്ത് 10 വർഷത്തിനിടെ 13 അപകടങ്ങളിലായി മരിച്ചത് 21 പേർ; ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചു

 
India

പ്രദേശത്ത് 10 വർഷത്തിനിടെ 13 അപകടങ്ങളിലായി മരിച്ചത് 21 പേർ; ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചു

തീർഥാടനകേന്ദ്രമായ ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ജോഷിമഠിലെ ഛായി ഗ്രാമത്തിന് സമീപം തകർന്ന് വീണത്

Namitha Mohanan

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ തകർന്ന് ആറുപേർ കൊല്ലപ്പെട്ട സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഹെലികോപ്റ്റർ ജോഷിമഠിന് സമീപം തകർന്നുവീണത്.

പ്രദേശത്ത് തുടർച്ചയായ അപകടങ്ങൾ വ്യോമ സുരക്ഷയിൽ ആശങ്ക പരത്തുന്നുണ്ട്. 10 വർഷത്തിനിടെ പ്രദേശത്ത് 13 ഓളം വിമാനാപകടങ്ങളിലായി 21 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇത് പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

തീർഥാടനകേന്ദ്രമായ ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ജോഷിമഠിലെ ഛായി ഗ്രാമത്തിന് സമീപം തകർന്ന് വീണത്. ഉച്ചയ്ക്ക് 1.12-ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള റഡാർ-റേഡിയോ ബന്ധം 1.14-ഓടെ പൂർണമായും ഇല്ലാതാവുകയായിരുന്നു.

ഹെലികോപ്റ്റർ പെട്ടെന്ന് താഴേക്ക് പതിക്കുന്നത് സമീപത്തെ കരസേനാ പോസ്റ്റിലുണ്ടായിരുന്ന സൈനികർ കണ്ടിരുന്നു. തൊട്ടുപിന്നാലെ താഴ്‌വരയിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട ഇവരാണ് വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. പിന്നീട്ല നടത്തിയ തെരച്ചിലിലാണ് വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.

പശ്ചിമ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയായ 48 കാരൻ ഹിമാൻഷു സഭർവാൾ ആയിരുന്നു പൈലറ്റ്. ബെംഗളൂരു സ്വദേശികളായ പ്രതാപ് ബി. നിംഗരാജു (41), അരുൺ സലുങ്കെ (44), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51), ശങ്കർഗൗഡ വി.ബി. (39) എന്നിവരായിരുന്നു യാത്രക്കാർ. ഇവരിൽ സലുങ്കെ ഒരു പൊലീസുദ്യോഗസ്ഥനും ശങ്കർഗൗഡ അഭിഭാഷകനുമാണ്.