നേഹ  ബോറ

 
India

നേഹ ബോറ ട്രാൻസ്ജെൻഡറാണോ? പ്രചാരണം വ്യാപകം, യാഥാർഥ്യമറിയാം

നോൺ ബൈനറി വ്യക്തികൾക്ക് ഏതു വിധത്തിലുള്ള ലൈംഗികാഭിമുഖ്യവും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം.

MV Desk

ഇന്ത്യൻ വിദ്യാർഥി പോരാട്ടങ്ങളിലെ ശക്തമായ സാന്നിധ്യമാണ് നേഹ ബോറ. ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്‍റും ഗവേഷക വിദ്യാർഥിയുമാണ് നേഹ. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരേയുള്ള സമരം മുതൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേയുള്ള സമരങ്ങളിൽ വരെ നേഹ ശക്തമായ സാന്നിധ്യമാണ്. അടുത്തിടെ തന്‍റെ വ്യക്തിത്വത്തെക്കുറിച്ച് നേഹ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താൻ നോൺ ബൈനറി ആണെന്നാണ് നേഹ വ്യക്തമാക്കിയത്. സ്ത്രീയെന്നോ പുരുഷനെന്നോ അറിയപ്പെടാതെ ഒരു വ്യക്തിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നാണ് നോൺ ബൈനറി എന്ന പദത്തിലൂടെ നേഹ വ്യക്തമാക്കിയത്.

തന്നെ അവൻ എന്നോ അവൾ എന്നോ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും പകരം അവർ എന്നോ അവരെ എന്നോ വിളിച്ചാൽ മതിയെന്നുമാണ് നേഹ പറയുന്നത്. എന്നാൽ നേഹയുടെ വെളിപ്പെടുത്തൽ തികച്ചും തെറ്റിദ്ധാരണാജനകമായി ചില സമൂഹമാധ്യമ പേജുകൾ പ്രചരിപ്പിക്കുന്നുണ്ട്. നേഹ ട്രാൻസ്ജെൻഡർ ആണെന്ന തികച്ചും വ്യാജമായ പ്രചാരമാണ് വലതുപക്ഷ ചായ്‌വുള്ള പേജുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ നോൺ ബൈനറി എന്നതും ട്രാൻസ്ജെൻഡർ എന്നതും തികച്ചും വ്യത്യസ്തമായ രണ്ടു സ്വത്വങ്ങളാണ്. നോൺ ബൈനറി വ്യക്തികൾക്ക് ഏതു വിധത്തിലുള്ള ലൈംഗികാഭിമുഖ്യവും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം.

ജൈവിക ലിംഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചേക്കേറുന്നവരെയാണ് സാധാരണയായി ട്രാൻസ്ജെൻഡർ എന്ന പദം കൊണ്ട് പരാമർശിക്കുന്നത്. താൻ ട്രാൻസ്ജെൻഡറാണെന്ന് ഒരിടത്തും നേഹ ബോറ പരാമർശിച്ചിട്ടില്ല. വ്യക്തികളുടെ സ്വയം നിർണയാവകാശങ്ങൾ, വ്യക്തിത്വം എന്നിവയെ അംഗീകരിക്കുക എന്നതാണ് നോൺ ബൈനറി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.