എല്ലാ ദിവസവും അര മണിക്കൂർ മാത്രം പ്രത്യക്ഷപ്പെടുന്ന ദ്വീപ്; അറബിക്കടലിലെ വിസ്മയം
മുംബൈ: എല്ലാ ദിവസവും വെറും 30 മിനിറ്റ് നേരത്തേക്ക് മാത്രം പ്രത്യക്ഷപ്പെടുകയും പിന്നീട് കടലിലേക്ക് ആഴ്ന്നു പോകുകയും ചെയ്യുന്നൊരു ദ്വീപ്. ആ വിസ്മയം കാണാൻ ദിവസവും നൂറു കണക്കിന് പേരാണ് കടൽത്തീരത്ത് എത്തുന്നത്. മഹാരാഷ്ട്രയിൽ അറബിക്കടലിന്‍റെ കൊങ്കൺ തീരത്തു നിന്നാലാണ് ഈ ദ്വീപ് കാണാനാകുന്നത്. സിന്ധ്ദുർഗ് ജില്ലയിലെ ദേവ്ബാഗിലുള്ള ദ്വീപിന് സീഗൾ ദ്വീപ് എന്നാണ് പേരിട്ടിരിക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും അനുസരിച്ചാണ് ദ്വീപ് തെളിഞ്ഞു വരുന്നതെന്ന് വിദഗ്ധർ പറയുന്നു.
അതു കൊണ്ടു തന്നെ എല്ലാ ദിവസവും വ്യത്യസ്ത സമയങ്ങളിലാണ് ദ്വീപ് തെളിയാറുള്ളത്. ദ്വീപ് എപ്പോൾ തെളിയണമെന്നും എപ്പോഅ് മായണമെന്നും തീരുമാനിക്കുന്നത് കടലാണ്. കടലിലെ വേലിയിറക്കത്തിന്‍റെ സമയം നോക്കി പോയാൽ ദ്വീപ് കാണുന്നത് എളുപ്പമാകുമെന്നും നാട്ടുകാർ പറയുന്നു.
കടൽകാക്കകൾ ഉൾപ്പെടെയുള്ള പക്ഷികൾ ഈ മണൽത്തിട്ടയിൽ വിശ്രമിക്കാനെത്താറുണ്ട്. അതു കൊണ്ടു തന്നെയാണ് ദ്വീപിന് സീ ഗൾ എന്ന പേര് കിട്ടിയത്. ദേശാടനപ്പക്ഷികളായ ഓസ്ട്രേലിയൻ സീഗൾസിന്‍റെ ഇഷ്ടപ്പെട്ട പ്രദേശമാണിത്. അതു കൊണ്ട് തന്നെ ദ്വീപ് ഇപ്പോൾ പക്ഷി നിരീക്ഷകരുടെയും പ്രിയപ്പെട്ട ഇടമാണ്. ആരാധകർ ഏറിയതോടെ പ്രാദേശിക ബോട്ടുകൾ സന്ദർശകരുമായി ദ്വീപിനരികിലേക്ക് സർവീസ് നടത്തുന്നുണ്ട്.