ജേവാർ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകാൻ യുപി മന്ത്രിസഭയുടെ അംഗീകാരം

 
India

ജേവാർ വിമാനത്താവളം ഇനിമുതൽ നരേന്ദ്ര മോദി ഇന്‍റർനാഷണൽ‌ എയർപോർട്ട്; പേരുമാറ്റത്തിന് അംഗീകാരം നൽകി യുപി സർക്കാർ

മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്

Sarath Nath MS

ലഖ്നൗ: ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. വിമാനത്താവളത്തിന്‍റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ–ജേവാർ’ എന്നാക്കി മാറ്റാനാണ് തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.

ലഖ്നൗവിൽ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, വിമാനത്താവളം ഉത്തർപ്രദേശിന് പ്രധാനമന്ത്രി നൽകിയ വലിയ സമ്മാനമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിന് നൽകിയ സംഭാവനകൾക്ക് പ്രധാനമന്ത്രിയോട് മന്ത്രിസഭ നന്ദി രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ജേവാർ വിമാനത്താവളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2047-ഓടെ വികസിത ഉത്തർപ്രദേശും വികസിത ഇന്ത്യയും എന്ന ലക്ഷ്യം കൈവരിക്കാൻ സമർപ്പണത്തോടെയും ഊർജത്തോടെയും പ്രവർത്തിക്കുമെന്ന് മന്ത്രിസഭ ആവർത്തിച്ച് പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 മാർച്ച് 28ന് പ്രധാനമന്ത്രി മോദിയാണ് ജേവാർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15 മുതൽ വാണിജ്യ സർവീസ് ആരംഭിച്ചു.