അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്

 
India

ഉച്ചയ്ക്ക് 12 മണിക്ക് എഴുന്നേൽക്കുന്ന നേതാക്കൾക്ക് ജനങ്ങളെ സേവിക്കാനാകില്ല; അഖിലേഷ് യാദവിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

അഖിലേഷ് യാദവ് വൈകി എഴുന്നേൽക്കുകയും ഉച്ചയ്ക്കുശേഷം മാത്രമേ ജോലികളിൽ ഏർപ്പെടുകയുള്ളൂവെന്നും വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളിൽ സമയം ചെലവഴിക്കുകയാണെന്നും യോഗി മുൻപും പരിഹസിച്ചിട്ടുണ്ട്

Sarath Nath MS

വാരണാസി: കുടുംബത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉച്ചയ്ക്ക് 12 മണിക്ക് എഴുന്നേൽക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും പരോക്ഷമായി വിമർശിച്ചായിരുന്നു യോഗിയുടെ പരാമർശം. വ്യാഴാഴ്ച വാരണാസിയിൽ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെ മാത്രം ലോകമായി കാണുന്ന നേതാക്കൾക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്ന് യോഗി പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ അവരുമായി നിരന്തരം ബന്ധം പുലർത്തുകയും അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

''നേതൃത്വം നൽകേണ്ടയാൾ ഉച്ചയ്ക്ക് 12 മണിക്ക് എഴുന്നേൽക്കുകയും കുടുംബത്തിൽ മാത്രം മുഴുകുകയും ചെയ്താൽ അതിന്‍റെ പ്രത്യാഘാതങ്ങൾ സ്വാഭാവികമാണ്. കുടുംബത്തെ സമൂഹമായും സംസ്ഥാനമായും തെറ്റിദ്ധരിക്കുന്നതാണ് പ്രശ്നം''- യോഗി പറഞ്ഞു.

അഖിലേഷ് യാദവ് വൈകി എഴുന്നേൽക്കുകയും ഉച്ചയ്ക്കുശേഷം മാത്രമേ ജോലികളിൽ ഏർപ്പെടുകയുള്ളൂവെന്നും വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളിൽ സമയം ചെലവഴിക്കുകയാണെന്നും യോഗി മുൻപും പരിഹസിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങിയെത്താത്ത ജനപ്രതിനിധികളെയും മുഖ്യമന്ത്രി വിമർശിച്ചു. ലഖ്‌നൗവിൽ മാത്രം തങ്ങുന്ന ചില നേതാക്കൾ തെരഞ്ഞെടുക്കപ്പെട്ടശേഷം മണ്ഡലങ്ങൾ സന്ദർശിക്കാൻ പോലും തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ക്ഷേമപദ്ധതികൾ അർഹരിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജനപ്രതിനിധികൾ നേരിട്ട് ഇടപെടണം. ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സംവാദമാണ് ആവശ്യമെന്നും അധിക്ഷേപങ്ങളിലൂടെയോ ശാരീരിക ഏറ്റുമുട്ടലുകളിലൂടെയോ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വാരണാസിയിൽ വലിയ മാറ്റങ്ങളുണ്ടായതായി യോഗി അവകാശപ്പെട്ടു. മുൻപ് നഗരത്തിൽ ശുചിത്വക്കുറവ്, ഗതാഗതക്കുരുക്ക്, ക്രമരഹിതമായ വൈദ്യുതിവിതരണം, ഭൂമാഫിയകളുടെ കൈയേറ്റം തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.