ആംഗോംച ബിമോൾ ആക്കോയിജാം

 
India

ജെഎൻയു ലൈംഗികാതിക്രമ കേസ്; കോൺഗ്രസ് എംപി അക്കോയ്ജാമിനെതിരേ നടപടിയാവശ്യപ്പെട്ട് സ്പീക്കറെ കണ്ട് വനിതാ ബിജെപി എംപിമാർ

വ്യാഴാഴ്ച സ്പീക്കറെ കണ്ട പ്രതിനിധിസംഘം, അക്കോയ്ജാമിനെതിരായ ആരോപണങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി ബിജെപി എംപി ഡി. പുരന്ദേശ്വരി മാധ്യമങ്ങളോട് പറഞ്ഞു

Sarath Nath MS

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് അധ്യാപകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് എംപി അംഗോംച ബിമോൾ അക്കോയ്ജാമിനെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ ബിജെപി എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു. വ്യാഴാഴ്ച സ്പീക്കറെ കണ്ട പ്രതിനിധിസംഘം, അക്കോയ്ജാമിനെതിരായ ആരോപണങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി ബിജെപി എംപി ഡി. പുരന്ദേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

അക്കോയ്ജാമിനെ കുറ്റക്കാരനായി ജെഎൻയു ആഭ്യന്തര സമിതി കണ്ടെത്തിയതായി സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും വിഷയം പാർലമെന്‍റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ലോക്‌സഭാംഗമായി തുടരുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായും പുരന്ദേശ്വരി പറഞ്ഞു. വിഷയം പരിശോധിക്കാമെന്നും എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നും സ്പീക്കർ ഉറപ്പുനൽകിയതായി അവർ കൂട്ടിച്ചേർത്തു.

മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംപിയാണ് അക്കോയ്ജാം. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെന്‍റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രൊഫസറായിരുന്ന അദ്ദേഹത്തെ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം ഒക്റ്റോബർ 9നാണ് അടിയന്തര പ്രാബല്യത്തോടെ പുറത്താക്കിയത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

ഈ വർഷം മേയിൽ11 വിദ്യാർഥിനികൾ അക്കോയ്ജാമിനെതിരേ പരാതി നൽകിയിരുന്നു. യോഗങ്ങളുടെയോ ഒത്തുചേരലുകളുടെയോ പേരിൽ വിദ്യാർഥിനികളെ ക്യാമ്പസിലെ വസതിയിലേക്ക് ക്ഷണിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ക്ലാസിൽ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായും ചില വിദ്യാർഥിനികൾ ആരോപിച്ചിരുന്നു.

ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച അക്കോയ്ജാമിനെതിരേ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.