പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിന് മുകളിൽ, കണ്ടെത്തലുമായി കർണാടക സർക്കാർ

 
India

പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിന് മുകളിൽ, കണ്ടെത്തലുമായി കർണാടക സർക്കാർ

ബെംഗളൂരുവിൽ‌ ഉൾപ്പടെ ഏഴ് നഗരങ്ങളിൽ നിന്നായി 63 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്

Manju Soman

ബെംഗളൂരു: പെട്രോളിലെ എഥനോൾ സാന്നിധ്യം ചർച്ചയാവാൻ തുടങ്ങിയിട്ട് നാളുകളായി. ഇതുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് ഇതിനോടകം പുറത്തുവന്നത്. ഇപ്പോൾ രാജ്യത്തെ ഒന്നാകെ ആശങ്കയിലാക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് കർണാടക സർക്കാർ. സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളുകളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിന് മുകളിലാണ് എന്ന വിവരമാണ് കർണാടക സർക്കാർ പുറത്തുവിട്ടത്. കർണാടകയിൽ വിതരണം ചെയ്യുന്ന പെട്രോളിലാണ് പരിശോധന നടത്തിയത്.

പെട്രോളിലെ എഥനോൾ സാന്നിധ്യം 20 ശതമാനമായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിരവധി സാമ്പിളുകളിൽ ഇത് 20 ശതമാനത്തിന് മുകളിലാണ് എന്നാണ് കർണാടക സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ബെംഗളൂരുവിൽ‌ ഉൾപ്പടെ ഏഴ് നഗരങ്ങളിൽ നിന്നായി 63 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. പൊതുമേഖല, സ്വകാര്യ മേഖല എണ്ണ കമ്പനികളിലെ പെട്രോളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇന്ത്യൻ ഓയിൽ പെട്രോളിലാണ് ഏറ്റവും അധികം എഫനോൾ കണ്ടെത്തിയത്. 31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ പെട്രോളിലെ എഫനോൾ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചിട്ടുള്ള ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന 99 ശതമാനം വാഹനങ്ങളും 20 ശതമാനത്തിനു മുകളിലുള്ള എഫനോൾ പെട്രോളിന് അനുയോജ്യമല്ലെന്ന് കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു. ഉപയോക്താക്കൾക്ക് 62,000ത്തിലേറെ രൂപയുടെ അപ്രതീക്ഷിത നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുമെന്ന് സർക്കാർ വിശദമാക്കി.