എല്ലാവരും വണ്ടിയെടുക്കണ്ട, ഒരേ ദിശയിലേക്കുള്ളവർ ഒരു കാറിൽ പോണം; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കാർ പൂളിങ്ങുമായി കർണാടക

 
India

എല്ലാവരും വണ്ടിയെടുക്കണ്ട, ഒരേ ദിശയിലേക്കുള്ളവർ ഒരു കാറിൽ പോണം; കാർ പൂളിങ്ങുമായി കർണാടക സർക്കാർ

ഓഫീസിലേക്ക് ഓരോരുത്തരും സ്വന്തം കാറിലെത്തുന്നതിനു പകരം ഒരു സ്ഥലത്തുനിന്നുള്ളവരെല്ലാം ഒരു കാറിൽ വരാനാണ് നിർദേശിക്കുന്നത്

Namitha Mohanan

ബെംഗളൂരു: ഗതാഗതക്കുരുക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ജീവനക്കാർക്കിടയിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കാൻ കർണാടക സർക്കാർ. ഓഫീസിലേക്ക് ഓരോരുത്തരും സ്വന്തം കാറിലെത്തുന്നതിനു പകരം ഒരു സ്ഥലത്തുനിന്നുള്ളവരെല്ലാം ഒരു കാറിൽ വരാനാണ് നിർദേശിക്കുന്നത്. ഇത് വഴി വാഹനങ്ങളുടെ എണ്ണം കുറച്ച് ഗതാഗതം സുഗമമാക്കാനാവുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

ഒരു പ്രദേശത്തുള്ളവർ ഒരു കാറിലെത്തുന്നതോടെ ഇന്ധന തുക പങ്കിടാം. അത് വഴി യാത്രാ ചെലവും കുറ‍യുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതായി രൂപകൽപ്പന ചെയ്ത കർത്തവ്യ മൊബൈൽ ആപ്പുതന്നെ കാർ പൂളിങ്ങിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കും.

ഓരോ റൂട്ടിലും പൂളിങ്ങിന് തയ്യാറായ കാറുകളുടെ വിവരവും അതിന്റെ ഉടമസ്ഥർ, അതിൽ യാത്രചെയ്യുന്ന മറ്റുള്ളവർ തുടങ്ങിയ വിവരങ്ങൾ എല്ലാം ലഭ്യമായ വിധത്തിലായിരിക്കും ആപ്പിന്‍റെ പ്രവർത്തനം.