സ്ത്രീകൾക്കെതിരായ ബോഡ് ഷെയിമിങ് പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കലായി കണക്കാക്കാനാവില്ല; കർണാടക ഹൈക്കോടതി
ബെംഗളൂരു: സ്ത്രീകളെ ബോഡി ഷെയ്മിങ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിക്കലായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമം 509 ലെ വകുപ്പ് പ്രകാരം ബോഡി ഷെയ്മിങ്ങ് സ്ത്രീയുടെ അന്തസിനെ അവഹേളിക്കുന്നതായി കാണാൻ സാധിക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്‍റേതാണ് ഈ വിചിത്ര നിരീക്ഷണം. 2 സ്ത്രീകൾക്കെതിരേ ബെംഗളൂരു സ്വദേശിനിയായ 26 കാരി നൽകിയ കേസ് തള്ളിക്കൊണ്ടായിരുന്നു കോടതി നിരീക്ഷണം.
തന്നെയും തന്‍റെ സുഹൃത്തിനെയും രൂപത്തിന്‍റെ പേരിലും ജാതിയുടെ പേരിലും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് 509 വകുപ്പ് പ്രകാരം കേസെടുക്കുകയും കർണാടക ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ഇത്തരം പ്രയോഗങ്ങൾ തെറ്റാണെങ്കിലും നിലവിലെ നിയമപ്രകാരം കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് കോടതി കേസ് തള്ളിക്കളയുകയായിരുന്നു.