രാംദാസ് അത്താവലെ

 
India

'കശ്മീർ ഇന്ത‍്യ‍യുടെ അവിഭാജ്യ ഘടകം'; പാക്കിസ്ഥാൻ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

നുഴഞ്ഞുകയറ്റക്കാരെ ഇന്ത‍്യയിലേക്ക് അയക്കുന്നതിനു പകരം പാക്കിസ്ഥാൻ ഇന്ത‍്യയുമായി നല്ല ബന്ധം പുലർത്തണമെന്നാണ് മന്ത്രി പറയുന്നത്

Aswin AM

ശ്രീനഗർ: പാക്കിസ്ഥാൻ ഇന്ത‍്യയ്ക്കെതിരേ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ന‍്യൂഡൽഹിയുമായി നല്ല ബന്ധം പുലർത്തണമെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ജമ്മു കശ്മീർ ഇന്ത‍്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക് അധീന കശ്മീരിലെ ജനങ്ങൾ പാക്കിസ്ഥാനെ മടുത്തിരിക്കുകയാണെന്നും അവിടെ വലിയ പ്രതിഷേധങ്ങളും ജനങ്ങൾക്കു നേരെ വെടിവയ്പ്പുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ‍്യമപ്രവർത്തകരോട് പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ ഇന്ത‍്യയിലേക്ക് അയക്കുന്നതിനു പകരം പാക്കിസ്ഥാൻ ഇന്ത‍്യയുമായി നല്ല ബന്ധം പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും നല്ല ബന്ധം പുലർത്തണമെന്നുമാണ് ഇന്ത‍്യയുടെ നിലപാടെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

'അമെരിക്ക, ചൈന, ജർമനി എന്നീ രാജ‍്യങ്ങൾക്ക് പിന്നിലായി ഇന്ന് ഇന്ത‍്യയുടെ സമ്പദ് വ‍്യവസ്ഥ നാലാം സ്ഥാനത്താണ്. മേക്ക് ഇൻ ഇന്ത‍്യ പദ്ധതി, എംഎസ്എംഇ എന്നിവയ്ക്ക് നന്ദി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇവ ജമ്മു കശ്മീരിലും കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു പിന്നാലെ ഇവിടെ വലിയ വികസനങ്ങൾ നടക്കുന്നുണ്ട്. വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നു. കഴിഞ്ഞ ദിവസം ഞാൻ‌ പഹൽഗാം സന്ദർശിച്ചു. 2025ൽ അവിടെ ആക്രമണമുണ്ടാകുകയും സംഘർഷഭരിതമായ അന്തരീക്ഷമുണ്ടാകുകയും ചെയ്തു. എന്നാലിപ്പോൾ വിനോദസഞ്ചാരികൾ പഹൽഗാമിലേക്കും കശ്മീരിലേക്കും വലിയ തോതിൽ എത്തുന്നു. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ശേഷം ജനങ്ങളുടെ മനസിലെ ഭ‍യം ഇല്ലാതായി. വികസനം വന്നു, ദേശീയ-സംസ്ഥാന ഹൈവേകൾ മികച്ച രീതിയിൽ നിർമിക്കപ്പെടുന്നു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പൂർണമായും നീതി ലഭ‍്യമാക്കുകയെന്നതാണ് ഞങ്ങളുടെ സർക്കാരിന്‍റെ ലക്ഷ‍്യം'. മന്ത്രി പറഞ്ഞു.