അരവിന്ദ് കെജ്‌രിവാൾ

 
India

കെജ്‌രിവാളിന്‍റെ 'ആഡംബര' വസതി തുറന്നുനൽകി ഡൽഹി സർക്കാർ; 30 ലക്ഷം രൂപയുടെ ടിവിയും 5 ലക്ഷത്തിന്‍റെ സോഫയും

2015 മുതൽ 2024 വരെ മുഖ്യമന്ത്രിയായിരിക്കേ ഇവിടെയായിരുന്നു കെജ്‌രിവാളിന്‍റെ താമസം

Sarath Nath MS

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതി മാധ്യമങ്ങൾക്കായി തുറന്നുകൊടുത്തു. 'ഷീഷ് മഹൽ' എന്ന പേരിൽ ബിജെപി വിളിക്കുന്ന വസതിയിലാണ് വെള്ളിയാഴ്ച ഡൽഹി സർക്കാർ മാധ്യമസന്ദർശനം സംഘടിപ്പിച്ചത്.

വസതിയിലെ 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 11.56 ലക്ഷം രൂപ വിലമതിക്കുന്ന അലങ്കാരവിളക്ക്, 5.47 ലക്ഷത്തിന്‍റെ സോഫ എന്നിവ ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കൾ മാധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ വസതിയിൽ എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, സ്പാ, വിലകൂടിയ കാർപ്പെറ്റുകൾ, 5 ടിവികൾ മറ്റ് സൗകര്യങ്ങൾ എന്നിവയുണ്ട്.

പൊതുജനങ്ങളുടെ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് കാണിക്കാനാണ് വസതിയിൽ സന്ദർശനം സംഘടിപ്പിച്ചതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ പറഞ്ഞു. സർക്കാർ വാഹനമോ വസതിയോ ഉപയോഗിക്കില്ലെന്ന് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ 56 കോടി രൂപ ചെലവഴിച്ചെന്നാണ് വർമയുടെ ആരോപണം. കോവിഡ് മഹാമാരിക്കിടെ ആളുകൾ മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെജ്‌രിവാൾ വസതിക്ക് മോടി കൂട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്സ്ബുക്ക് ലൈവ് നടത്താൻ കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന മുറിയും മാധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിച്ചു. കീറിയ സീറ്റുള്ള മരത്തിന്‍റെ കസേരയാണ് മുറിയിൽ ഉള്ളത്. സാധാരണ ജീവിതമാണ് താൻ നയിച്ചിരുന്നതെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കെജ്‌രിവാൾ ഈ മുറിയിൽ വച്ച് ഫെയ്സ്ബുക്ക് ലൈവ് നടത്തിയിരുന്നതെന്ന് വർമ കുറ്റപ്പെടുത്തി. അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഷീഷ് മഹലിൽ പ്രവേശനം അനുവദിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പർവേഷ് വർമയാണ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയത്. 2013 മുതൽ കെജ്‌രിവാൾ കൈവശം വച്ചിരുന്ന ന്യൂഡൽഹി മണ്ഡലത്തിലാണ് വർമ എഎപി കൺവീനറെ തറപറ്റിച്ചത്.

ഫ്ലാഗ് സ്റ്റാഫ് റോഡിലാണ് ആറാം നമ്പറിലുള്ള ഈ വസതി സ്ഥിതിചെയ്യുന്നത്. 2015 മുതൽ 2024 വരെ മുഖ്യമന്ത്രിയായിരിക്കേ ഇവിടെയായിരുന്നു കെജ്‌രിവാളിന്‍റെ താമസം. വസതിയുടെ കാര്യത്തിൽ എഎപി ആഡംബരം നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി 'ഷീഷ് മഹൽ' എന്ന് പേര് നൽകിയത്.