സിസേറിയനു പിന്നാലെ വൃക്കസംബന്ധമായ സങ്കീർണത; കോട്ട മെഡിക്കൽ കോളെജിൽ വീണ്ടും മരണം
കോട്ട (രാജസ്ഥാൻ): സിസേറിയൻ പ്രസവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജസ്ഥാനിലെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിൽ രണ്ടാമത്തെ സ്ത്രീയും മരിച്ചു. 24 മണിക്കൂറിനിടെയാണ് രണ്ട് സ്ത്രീകൾ മരിച്ചത്.
നാലാമത്തെ സിസേറിയൻ പ്രസവത്തിന് പിന്നാലെ വൃക്കസംബന്ധമായ സങ്കീർണതകൾ ഉണ്ടായ 40കാരിയായ രേഷ്മ വെള്ളിയാഴ്ച രാത്രി ചികിത്സയിലിരിക്കേ മരിച്ചിരുന്നു. ചികിത്സാ പിഴവും അധികൃതരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ബാരൻ സ്വദേശിനിയായ റോഷൻ ബൈർവയാണ് മരിച്ചത്. ഇവർക്ക് കടുത്ത വിളർച്ച ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സ്വകാര്യ ആശുപത്രിയിൽ നിന്ന് ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയ റോഷന് അന്ന് രാത്രി സിസേറിയൻ നടത്തിയിരുന്നു. പ്രസവത്തിനു പിന്നാലെ ഇവർക്ക് കടുത്ത രക്തസ്രാവമുണ്ടായി. ശനിയാഴ്ച രാവിലെ 11.30നാണ് മരണം സംഭവിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അശുതോഷ് ശർമ പറഞ്ഞു.
സിസേറിയനു പിന്നാലെ വൃക്കസംബന്ധമായ സങ്കീർണതകൾ ഉണ്ടായ 30കാരിയായ അനിത ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ചയായിരുന്നു ഇവരുടെ സിസേറിയൻ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇതേ ആശുപത്രിയിൽ മേയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രസവത്തിനു പിന്നാലെ 12 സ്ത്രീകൾക്ക് ഗുരുതരമായ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ഇവരിൽ അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു.