കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രമുഖ തീർഥാടന കേന്ദ്രമായ കേദാർനാഥിൽ ഉണ്ടായ മണ്ണിടിച്ചിലിൽ തീർഥാടകൻ മരിച്ചു. കേദാർനാഥിലെ ചീർബാസ ഹെലിപ്പാഡിന് സമീപത്താണ് സംഭവം. മഴയും മണ്ണിടിച്ചിലും കാരണം തീർഥാടനം താത്കാലികമായി നിർത്തിവച്ചിരിക്കെയാണ് അപകടമുണ്ടായത്.
ഉത്തരാഖണ്ഡിലെ ഉക്കിമഠ് സ്വദേശി മദൻ മോഹൻ തിവാരി (65)ആണ് മരിച്ചത്. മലയിൽ നിന്ന് താഴേക്ക് പതിച്ച കൂറ്റൻ പാറക്കല്ലുകൾക്കിടയിൽ അകപ്പെട്ട ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെ തുടർന്ന് കേദാർനാഥിലേക്കുള്ള തീർഥാടകർ ഒരു കാരണവശാലും യാത്ര തുടരരുതെന്നും സോനപ്രയാഗിലോ ഗൗരികുണ്ഡിലോ തങ്ങണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.
കൂടാതെ കേദാർനാഥിൽ നിന്ന് തിരിച്ചുവരുന്നവർ ജാനകി ചട്ടിയിൽ യാത്ര നിർത്തിവയ്ക്കണമെന്നും അധികൃതർ പറഞ്ഞു. ഔദ്യോഗിക അനുമതി ലഭിക്കുന്നത് വരെ തീർഥാടകർ ആരും തന്നെ യാത്ര പുനരാരംഭിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.