സിക്കിമിലെ തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നടക്കുന്ന രക്ഷാപ്രവർത്തനം

 
India

സിക്കിമില്‍ തുരങ്കത്തില്‍ മണ്ണിടിച്ചില്‍; 10 പേര്‍ മരിച്ചു, മലയാളി അടക്കം 25 പേരെ കാണാതായി

തീസ്ത സ്റ്റേജ് 6 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയെ ആണ് കാണാതായത്

Sarath Nath MS

ഗാങ്‌ടോക്: സിക്കിമില്‍ നിര്‍മാണം പുരോഗമിക്കുകയായിരുന്ന തുരങ്കത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 10 പേർ മരിച്ചു. ഒരു മലയാളി അടക്കം 25 പേരെ കാണാതായി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനിൽ‌ ജിയോളജി വിഭാഗം സീനിയർ മാനേജറായ കോട്ടയം സ്വദേശി അനീഷ് മോഹനാണ് കാണാതായ മലയാളി. നാംചി ജില്ലയിലെ സമര്‍ദുംഗിലാണ് സംഭവം.

തുരങ്കത്തിന്‍റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. തീസ്ത സ്റ്റേജ് 6 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് അപകടം ഉണ്ടായത്. മണ്ണിടിച്ചിനെ തുടർന്ന് തുരങ്കത്തിന്‍റെ പ്രവേശനകവാടം പൂർണമായി അടഞ്ഞനിലയിലാണ്. അപകടത്തെ തുടര്‍ന്ന് തുരങ്കത്തിനകത്ത് വിഷവാതകമായ മീഥെയ്ന്‍ ഗ്യാസ് ചോര്‍ന്നു. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. 27 പേർ തുരങ്കത്തിനകത്ത് കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തുരങ്കത്തിനകത്ത് കടക്കാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകരില്‍ പലര്‍ക്കും തലകറക്കം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിക്കിം പൊലീസ്, അഗ്നിരക്ഷാസേന എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രി മോര്‍ച്ചറികളിലേക്ക് മാറ്റി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനു വേണ്ടി പട്ടേല്‍ എന്‍ജിനീയറിങ് എന്ന സ്വകാര്യ കമ്പനിയാണ് തുരങ്കത്തിന്റെ നിര്‍മാണം നടത്തുന്നത്. സിക്കിം സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്