സോണിയ ഗാന്ധി
ന്യൂഡൽഹി: അടുത്തിടെ പുറത്തിറക്കിയ തന്റെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിൽ വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്. സോണിയ നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സവർക്കറുടെ പ്രപൗത്രനായ സത്യകി സവർക്കറാണ് നോട്ടീസ് അയച്ചത്. പുസ്തകത്തിലെ പരാമർശങ്ങൾ ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതും സവർക്കറുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതുമാണെന്നാണ് ആരോപണം.
പുസ്തകത്തിലെ 201, 443 എന്നീ പേജുകളിലാണ് സവർക്കർക്കെതിരായ പരാമർശമെന്നാണ് പരാതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം സോണിയ മാപ്പ് പറയണമെന്നും വിശദീകരണം നൽകണമെന്നും പുസ്തകത്തിലെ പരാമർശങ്ങൾ തിരുത്തണമെന്നുമാണ് ആവശ്യം. അല്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്ന് സത്യകി സവർക്കർ മുന്നറിയിപ്പ് നൽകി.
ബ്രിട്ടീഷ് ഭരണകാലത്ത് കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ ആക്രമണങ്ങളും ജയിൽവാസവും നേരിട്ടപ്പോൾ സവർക്കറെപ്പോലുള്ള ആർഎസ്എസ് നേതാക്കൾ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ദയാഹർജികൾ സമർപ്പിക്കുകയായിരുന്നുവെന്ന പുസ്തകത്തിലെ പരാമർശത്തെയാണ് നോട്ടീസ് ചോദ്യം ചെയ്യുന്നത്. ബ്രിട്ടീഷ് അധികാരികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയവരായി ആർഎസ്എസ് അംഗങ്ങളെ ചിത്രീകരിക്കുന്നതും സവർക്കറെ ബ്രിട്ടീഷുകാരുമായി സഹകരിച്ചയാളായി വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതുമാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ആൻഡമാനിലെ സെല്ലുലാർ ജയിലിലെ തടവ് അടക്കം ബ്രിട്ടീഷ് ഭരണകാലത്ത് സവർക്കർ അനുഭവിച്ച പീഡനങ്ങളും വിഷമതകളും പരിഗണിക്കാതെയാണ് പുസ്തകത്തിൽ പരാമർശങ്ങൾ നടത്തിയതെന്നും നോട്ടീസിൽ പറയുന്നു.
സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ സവർക്കർ പരാമർശങ്ങൾക്കെതിരേ നേരത്തേ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയും പ്രതിഷേധിച്ചിരുന്നു. പുസ്തകത്തിന്റെ പേജുകൾ പരസ്യമായി കീറിക്കളഞ്ഞ് പരാമർശങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.