ആകാശത്ത് വച്ച് ഇടിമിന്നലേറ്റു; ഇൻഡിഗോ വിമാനത്തിന്‍റെ മുൻഭാഗം തകർന്നു

 
India

ആകാശത്ത് വച്ച് ഇടിമിന്നലേറ്റു; ഇൻഡിഗോ വിമാനത്തിന്‍റെ മുൻഭാഗം തകർന്നു

104 യാത്രക്കാരും 6 ക്രൂ മെമ്പേഴ്സും അടക്കം 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

Namitha Mohanan

ലക്‌നൗ: പാറ്റ്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു. 17,000 അടി ഉയരത്തിൽ വച്ചാണ് മിന്നലേറ്റത്. വിമാനത്തിന്‍റെ മുൻഭാഗത്ത് (നോസിൽ) കേടുപാടുകൾ സംഭവിച്ചു.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ലക്നൗ ചൗധരി ചരൺ സിങ് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിലാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും പൂർണ സുരക്ഷിതരാണെന്നും ആർക്കും പരുക്കുകളില്ലെന്നും അധികൃതർ അറിയിച്ചു.

ട്വിൻ എഞ്ചിൻ ഇൻഡിഗോ 6E925 വിമാനം സാധാരണ രീതിയിലാണ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ലാൻഡിങ്ങിന് ശേഷം വിമാനത്താവളത്തിലെ ഗ്രൗണ്ട് ടീം നടത്തിയ പരിശോധനയിലാണ് മുൻഭാഗത്തെ തകരാർ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ വിഷയം ഇൻഡിഗോയുടെ എഞ്ചിനീയറിങ് ടീമിനെ അറിയിക്കുകയായിരുന്നു.

മോശം കാലാവസ്ഥയെ തുടർന്ന് ആകാശത്ത് വത്ത് ഇടിമിന്നലേറ്റതാണെന്നാണ് അധികൃതർ അറിയിക്കുന്നത്. മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചെങ്കിലും വിമാനത്തിന് മറ്റ് കേടുപാടുകളിലെല്ലാണ് വിവരം. എങ്കിലും വിമാനം തുടർന്നുള്ള സർവീസുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.