കശ്മീരിൽ പ്രാദേശിക ഭീകരർ ഇല്ലാതായി; 35 പാക് ഭീകരർക്കായി തെരച്ചിൽ
Representative image
ജമ്മു: 37 വർഷത്തിനിടെ ആദ്യമായി കശ്മീർ താഴ്വരയിൽ സജീവമായ പ്രാദേശിക ഭീകരർ ആരും അവശേഷിക്കുന്നില്ലെന്ന് റിപ്പോർട്ട്. അവസാന പ്രാദേശിക ഭീകരനായ ലത്തീഫ് ഭട്ടിനെ വധിച്ചതോടെയാണ് ഈ നേട്ടം. ഇതോടെ കശ്മീരിൽ പ്രാദേശിക ഭീകരരുടെ റിക്രൂട്ട്മെന്റ് പൂജ്യത്തിലെത്തിയതായി സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
പ്രാദേശിക യുവാക്കൾ ഭീകരസംഘങ്ങളിൽ ചേരുന്നത് ഇല്ലാതായ സാഹചര്യത്തിൽ, നിയന്ത്രണരേഖ (എൽഒസി) വഴി പാക് ഭീകരരെ കശ്മീരിലേക്ക് കടത്താനുള്ള ശ്രമങ്ങൾ ശക്തമാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. മഞ്ഞുവീഴ്ചയെ തുടർന്ന് മലമ്പാതകൾ അടയുന്നതിന് മുൻപ് നുഴഞ്ഞുകയറ്റം നടത്താനാണ് പാക്കിസ്ഥാന്റെ നീക്കമെന്നാണ് വിലയിരുത്തൽ. പീർ പഞ്ചാൽ മലനിരകൾക്ക് വടക്കുഭാഗത്ത് സജീവമായ ഏകദേശം 35 പാക് ഭീകരർ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക യുവാക്കളുടെ ഭീകരസംഘങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിൽ വലിയ കുറവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. 2018ൽ 196 യുവാക്കൾ ഭീകരസംഘങ്ങളിൽ ചേർന്നിരുന്നു. 2021ൽ ഇത് 146 ആയി കുറഞ്ഞു. 2022ൽ 121 പേരും 2023ൽ 19 പേരും 2024ൽ നാല് പേരും ഭീകരസംഘങ്ങളിൽ ചേർന്നു. 2025ൽ ഒരാൾ മാത്രമാണ് ചേർന്നത്. ഈ വർഷം ഇതുവരെ പ്രാദേശിക റിക്രൂട്ട്മെന്റ് ഉണ്ടായിട്ടില്ല.
എൽഒസിക്ക് സമീപമുള്ള ഭീകരരുടെ ലോഞ്ച് പാഡുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായാണ് വിവരം. എന്നാൽ വലിയ സംഘങ്ങൾക്ക് പകരം രണ്ടോ മൂന്നോ ഭീകരർ അടങ്ങുന്ന ചെറുസംഘങ്ങളെയാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്. ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളിലെ ഭീകരരാണ് ഇവരെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക് ഭീകരക്യാമ്പുകൾ തകർത്തതിനെ തുടർന്നാണ് തന്ത്രം മാറ്റിയതെന്നാണ് വിലയിരുത്തൽ. ജെയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ മാർകസ് സുബ്ഹാൻ അല്ലാഹ് ആസ്ഥാനവും ആക്രമണത്തിൽ തകർത്തിരുന്നു.
ശൈത്യകാലത്ത് ഭീകരർ വനമേഖലകളിലും ഗുഹകളിലും ഒളിച്ചുതാമസിക്കാറുണ്ട്. ഇത് തടയുന്നതിനായി ഉയർന്ന മലനിരകളിലും വനമേഖലകളിലും താൽക്കാലിക ഓപ്പറേറ്റിങ് ബേസുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭീകരരുടെ നീക്കം തടയുന്നതിനായി വിദൂര മലമ്പ്രദേശങ്ങളിൽ നൂറോളം താൽക്കാലിക ഓപ്പറേറ്റിങ് ബേസുകളാണ് സുരക്ഷാസേന സ്ഥാപിച്ചിരിക്കുന്നത്.
ശൈത്യകാലത്ത് നിയന്ത്രണരേഖയിൽ ബോർഡർ ആക്ഷൻ ടീം (ബിഎടി) ആക്രമണത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പീർ പഞ്ചാൽ മലനിരകൾക്ക് തെക്കുഭാഗത്തുള്ള പഴയ ഭീകര ശൃംഖലകളെ തകർക്കാനുള്ള നടപടികളും സുരക്ഷാസേന ശക്തമാക്കി. വർഷങ്ങൾക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് കടന്ന ഭീകരരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവർ അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരപ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായാണ് വിവരം. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് തടയാൻ ഇവരുടെ നാട്ടിലുള്ള സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.