ലോക് സഭ

 

Representative image

India

ലോക്സഭയുടെ അംഗസംഖ്യ 824 ആകും, ഒരു സംസ്ഥാനത്തിന്‍റെയും സീറ്റ് കുറയില്ല

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 50 ശതമാനം സീറ്റ് വർധിപ്പിച്ചാൽ ലോക്സഭാ അംഗസംഖ്യ 824 ആകും.

MV Desk

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിലവിലുള്ള സീറ്റുകളുടെ 50 ശതമാനം വർധന നൽകുന്ന ഫോർമുല നടപ്പാക്കിയാൽ ലോക്സഭാ അംഗസംഖ്യ 543-ൽ നിന്ന് 824 ആകുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റ് പുനർവിഭജനം നടത്തിയാൽ തമിഴ്നാടിന് ഏഴും കേരളത്തിന് അഞ്ചും ആന്ധ്രാപ്രദേശിന് നാലും സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലിൽ പറയുന്നു.

ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിലവിലുള്ള സീറ്റുകളുടെ 50 ശതമാനം വർധന നൽകുന്ന രീതി നടപ്പാക്കിയാൽ ലോക്സഭയുടെ അംഗബംലം 543-ൽ നിന്ന് 824 ആകുമെന്നും, ഒരു സംസ്ഥാനത്തിന്‍റെയും പ്രാതിനിധ്യം കുറയില്ലെന്നും റിപ്പോർട്ട്.

മണ്ഡല പുനർനിർണയത്തിന് രണ്ട് സമീപനങ്ങളാണ് മുന്നിലുണ്ടായിരുന്നത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള പുനർവിഭജനമാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഏകീകൃതമായി 50 ശതമാനം സീറ്റ് വർധിപ്പിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്.

ജനസംഖ്യാടിസ്ഥാനത്തിലുള്ള മാതൃക സ്വീകരിച്ചാൽ, ജനസംഖ്യാ വളർച്ച താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങളുടെ പാർലമെന്‍ററി പ്രാതിനിധ്യം കുറയും. കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ബിഹാറും യുപിയും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം വർധിക്കുകയും ചെയ്യും. ഈ രീതി വന്നാൽ തമിഴ്നാടിന് ഏഴ് സീറ്റും കേരളത്തിന് അഞ്ച് സീറ്റും ആന്ധ്രാപ്രദേശിന് നാല് സീറ്റും കുറയുമായിരുന്നു.

എന്നാൽ, ഏകീകൃതമായി 50 ശതമാനം സീറ്റ് വർധിപ്പിക്കുന്ന നിർദേശവുമായി മുന്നോട്ടു പോകുമ്പോൾ, നിലവിലുള്ള സീറ്റുകൾ കുറയ്ക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധിക പ്രാതിനിധ്യം ഉറപ്പാകും. ഈ ഫോർമുല പ്രകാരം ഉത്തർപ്രദേശിന്‍റെ സീറ്റ് 80-ൽ നിന്ന് 120 ആയും, മഹാരാഷ്ട്രയുടേത് 48-ൽ നിന്ന് 72 ആയും, പശ്ചിമ ബംഗാളിന്‍റേത് 42-ൽ നിന്ന് 63 ആയും, ബിഹാറിന്‍റേത് 40-ൽ നിന്ന് 60 ആയും ഉയരും. 2011-ലെ സെൻസസ് പ്രകാരം ഏഴ് സീറ്റ് കുറയാൻ സാധ്യതയുണ്ടായിരുന്ന തമിഴ്നാടിന് ഈ നിർദേശപ്രകാരം 39-ൽ നിന്ന് 59 സീറ്റുകളായി വർധന ലഭിക്കും. കേരളത്തിലും 10 സീറ്റോളം വർധിക്കും.

നിലവിലുള്ള സീറ്റുകളുടെ എണ്ണം 1.5 കൊണ്ട് ഗുണിച്ച് ഭിന്നസംഖ്യകൾ പൂർണസംഖ്യയിലേക്ക് ഉയർത്തിയാണ് കണക്കുകൂട്ടലുകൾ നടത്തിയതെന്നും ഇത് ലോക്സഭയുടെ ആകെ അംഗസംഖ്യ 824 ആക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

ജനസംഖ്യ നിയന്ത്രിക്കുന്നതിൽ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കേവലം ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയത്തിലൂടെ കുറയുമെന്ന ആശങ്ക പരിഹരിക്കാനും രാജ്യവ്യാപകമായി പ്രാതിനിധ്യം കൂട്ടാനുമാണ് ഈ വിശകലനം ലക്ഷ്യമിടുന്നത്. ജനസംഖ്യ നിയന്ത്രണത്തിൽ വിജയിച്ചിട്ടും തങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറഞ്ഞേക്കുമെന്ന ആശങ്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.