സൗരവ് ദാസ്

 
India

സൗരവ് ദാസിന്‍റെ പാസ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ട്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി കേന്ദ്രം ഹൈക്കോടതിയിൽ

സൗരവിന്‍റെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനസ്ഥലവുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകളുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: താൻ വിദേശത്തേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞതിനെതിരേ സിജെപി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സൗരവ് ദാസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ, അദ്ദേഹത്തിനെതിരേ 'ലൂക്കൗട്ട് നോട്ടീസ്' പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്‍റെ പാസ്‌പോർട്ടിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നും, ഇത് അദ്ദേഹത്തിന്‍റെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ, തങ്ങളോട് ലൂക്കൗട്ട് സർക്കുലറിനെക്കുറിച്ച് യാതൊന്നും അറിയിച്ചിരുന്നില്ലെന്ന് സൗരവിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ചെന്നൈയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് തിങ്കളാഴ്ച ദാസിന് ഒരു നോട്ടീസ് അയച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്‍റെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനസ്ഥലവുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ ഉള്ളതിനാൽ, ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ബുധനാഴ്ച വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതിരേയാണ് സൗരവ് കോടതിയെ സമീപിച്ചത്.

നവംബർ 27-ന് ലണ്ടനിൽ നടക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ വച്ച് തന്നെ തടഞ്ഞുവച്ചതായി സൗരവ് ദാസ് നേരത്തെ അറിയിച്ചിരുന്നു. വിദേശ സർവകലാശാലകളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നത് തടയാനാണ് സർക്കാർ തന്നെ വിദേശയാത്രയിൽ നിന്ന് തടഞ്ഞതെന്ന് തിങ്കളാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ദാസ് ആരോപിക്കുന്നു.

ലൂക്കൗട്ട് സർക്കുലർ

"ക്രിമിനൽ പ്രവർത്തനങ്ങളിൽ ആരോപണവിധേയരായവരോ നിയമനടപടികളിൽ ഉൾപ്പെട്ടവരോ ആയ വ്യക്തികൾ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനായി, രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന-പുറത്തുകടക്കൽ കേന്ദ്രങ്ങളിലും 'ബ്യൂറോ ഓഫ് ഇമിഗ്രേഷൻ' പുറപ്പെടുവിക്കുന്ന ഒരു മുന്നറിയിപ്പ് സംവിധാനമാണ് ലൂക്കൗട്ട് സർക്കുലർ".