മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ ഒക്റ്റോബർ 25നും നവംബർ ഒന്നിനും ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. റൂട്ട് മാർച്ച് നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ തള്ളിയതിന് തമിഴ്നാട് പൊലീസിനെ കോടതി വിമർശിച്ചു.
റൂട്ട് മാർച്ചിന്റെയും തുടർന്ന് നടക്കുന്ന പൊതുയോഗങ്ങളുടെയും സമയവും സ്ഥലവും തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കാൻ ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ് നേതാവ് വി.ജി. ജഗദീശൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
അഭിഭാഷകൻ എൻ.എൽ. രാജ മുഖേനയാണ് ജഗദീഷൻ ഹൈക്കോടതിയെ സമീപിച്ചത്. റൂട്ട് മാർച്ച് നടത്താൻ നിശ്ചിയിച്ചിരുന്ന സ്ഥലങ്ങളിൽ മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങൾ ഉള്ളതും യുക്തിവാദി നേതാക്കളുടെ പ്രതിമകൾ സ്ഥിതി ചെയ്യുന്നതും ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങൾക്കുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പൊലീസ് അപേക്ഷകൾ നിരസിച്ചിരുന്നത്.
അപേക്ഷകൾ നിരസിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനു പകരം നടപടിക്രമപരമായ നിബന്ധനകൾ പാലിക്കാൻ അപേക്ഷകരെ സഹായിക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.