ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം: മനഃപൂർവം തീവച്ചതെന്ന് റെയിൽവേ പൊലീസ്
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി റെയിൽവേ പൊലീസ്. അപകടമല്ല, മറിച്ച് ഇത് മനഃപൂർവമുള്ള തീവെപ്പാണെന്നാണ് കണ്ടെത്തൽ. നാസിക് സ്വദേശിയായ രവി ബോറാക് ആണ് കോച്ചിന് തീയിട്ടതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ലഹരിക്ക് അടിമയായ ഇയാൾ, ലഹരി ഉപയോഗിച്ച ശേഷമാണ് ഈ കൃത്യം നിർവഹിച്ചതെന്നാണ് റെയിൽവേ പൊലീസിന്‍റെ പ്രാഥമിക നിഗമനം. സെപ്റ്റംബർ 6 ന് രാത്രി 11.30-യോടെയാണ് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന കോച്ചിൽ തീപിടിത്തമുണ്ടായത്. തീ ആളിപ്പടർന്ന് കോച്ച് പൂർണമായും കത്തിനശിച്ചിരുന്നു. തുടക്കത്തിൽ ഷോർട്ട് സർക്യൂട്ടാണെന്നാണ് കരുതിയിരുന്നത്.