ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്റ്ററിയിൽ വൻ തീപിടിത്തം

 

symbolic image

India

ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്റ്ററിയിൽ വൻ തീപിടിത്തം; നാല് തൊഴിലാളികൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

മംഗോൾപുരി ഇൻഡസ്ട്രിയൽ ഏരിയ ഫേസ് ഒന്നിലെ ഫാക്റ്ററിയിലാണ് തീപിടിത്തമുണ്ടായത്

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിലെ മംഗോൾപുരി വ്യവസായ മേഖലയിലെ ചെരുപ്പ് നിർമാണ ഫാക്റ്ററിയിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30ഓടെ മംഗോൾപുരി ഇൻഡസ്ട്രിയൽ ഏരിയ ഫേസ് ഒന്നിലെ ഫാക്റ്ററിയിലാണ് തീപിടിത്തമുണ്ടായത്.

വിവരമറിഞ്ഞ് ഡൽഹി അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫാക്റ്ററിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആറ് പേരെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ നാല് പേരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്.

ഫാക്റ്ററിയുടെ ബേസ്മെന്‍റിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാ അധികൃതർ പറഞ്ഞു. കനത്ത പുക ഉയർന്നതോടെ തൊഴിലാളികൾ കെട്ടിടത്തിന്‍റെ മുകൾനിലകളിൽ കുടുങ്ങുകയായിരുന്നു. മൂന്നാം നിലയിൽ നിന്ന് ഒരാളെയും നാലാം നിലയിൽ നിന്ന് അഞ്ച് പേരെയുമാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഫാക്റ്ററി ഉടമയോട് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അപകടസമയത്ത് ഫാക്റ്ററിയിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്ന് കണ്ടെത്താൻ കരാറുകാരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.