ചന്ദ്രിമ ഭട്ടാചാര്യ, മമത ബാനര്‍ജി
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികൾ നേരിട്ട് ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി. മമതയുടെ വലംകൈ ആയി അറിയപ്പെടുന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിൽ നിന്ന് രാജിവച്ചു. പദവി ഏറ്റെടുത്ത് ഒരു മാസം തികയും മുൻപേയാണ് ചന്ദ്രിമയുടെ രാജി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിനു പിന്നാലെയാണ് മമതയുടെ വിശ്വസ്തയായ ചന്ദ്രിമ ഭട്ടാചാര്യയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ചന്ദ്രിമ പാർട്ടിയിൽ നിന്ന് തന്നെ പുറത്തുപോവുകയായിരുന്നു. താൻ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കി ശനിയാഴ്ച ചന്ദ്രിമ മമത ബാനർജിക്ക് രാജി കത്ത് നൽകി.
കൊൽക്കത്ത സർവകശാലായിൽ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011ലാണ് നിയമസഭയിൽ എത്തുന്നത്. മമത ബാനർജി സർക്കാരിൽ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നു അവർ. മൂന്നു തവണ എംഎൽഎയായ ചന്ദ്രിമ ഭട്ടാചാര്യ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡം ഡം ഉത്തർ മണ്ഡലത്തിൽ ബിജെപിയുടെ സൗരവ് സിക്ദറിനോട് പരാജയപ്പെട്ടിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഉണ്ടായ ആഭ്യന്തര കലാപത്തിന്‍റെ ഭാഗമായാണ് ചന്ദ്രിമയുടെ രാജിയെന്നാണ് പാർട്ടിവൃത്തങ്ങളിലെ സംസാരം. ഇതിനോടകം തൃണമൂലിന്‍റെ 80 എംഎൽഎമാരിൽ 50 പേർ റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്നിരിക്കുകയാണ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ നിയന്ത്രണവും വിമതർ പിടിച്ചെടുത്തിരിക്കുകയാണ്. കൂടാതെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനുമേൽ തങ്ങൾക്കാണ് അവകാശമെന്ന് ഉന്നയിച്ച് വിമത വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. വിമത പക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചാൽ മമതയ്ക്ക് കനത്ത തിരിച്ചടിയാകും. വിമതർ നടത്തുന്ന ശക്തമായ നീക്കങ്ങളെ മമത ഏതു രീതിയിൽ നേരിടുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.