മണിമഹേഷ് കൈലാസം
ഷിംല: ഹിമാചൽ പ്രദേശിലെ മണിമഹേഷ് കൈലാസ യാത്ര തീർഥാടന പാതയിൽ സിഗരറ്റ്, ചെറിയ വെള്ളകുപ്പികൾ, ലഘുഭക്ഷണ പാക്കറ്റുകൾ എന്നിവയുടെ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. പ്രദേശത്തിന്‍റെ ലോലമായ ജൈവവൈവിധ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
ചമ്പ ഡെപ്യൂട്ടി കമ്മിഷണർ മുകേഷ് റെപ്‌സ്‌വാൾ തീർഥാടന പാതയിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിർദ്ദേശം നൽകിയത്. സിഗരറ്റിനു പുറമെ ബീഡി, മറ്റു പുകയില വസ്തുക്കൾ എന്നിവയുടെ വിൽപനയ്ക്കും വിലക്കുണ്ട്. നിരോധനമേർപ്പെടുത്തിയ വസ്തുക്കൾ വിൽക്കരുതെന്ന് കച്ചവടക്കാർക്ക് അധികൃതർ കർശന നിർദ്ദേശം നൽകി.
പ്രമുഖ ശിവ തീർഥാടന കേന്ദ്രമായ മണിമഹേഷ് കൈലാസം ചമ്പ ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്ന് 18,547 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് വിശ്വാസികൾ ഇവിടേക്ക് എത്തുന്നത്. ഇത്തവണ ഓഗസ്റ്റ് 17നാണ് യാത്ര ഔദ്യോഗികമായി ആരംഭിക്കുക. സെപ്റ്റംബർ അവസാനത്തോടെ സമാപിക്കും. അതേസമയം നിലവിൽ തീർഥാടകർ ഇവിടേക്ക് എത്താൻ തുടങ്ങിയിട്ടുണ്ട്.
ഏറെ പ്രതികൂലമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ള പ്രദേശമാണ് മണിമഹേഷ് കൈലാസ യാത്ര പാത. കഴിഞ്ഞവർഷം ഇവിടെ കനത്ത മഴയെ തുടർന്ന് 15 പേർ മരിച്ചിരുന്നു.