മാർക്കോ റൂബിയോ
മുംബൈ: യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുമായും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ മുംബൈയിലായിരുന്നു കൂടിക്കാഴ്ച. തുടർന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് പുറപ്പെട്ട റൂബിയോ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സമുച്ചയത്തിലുള്ള എണ്ണ ശുദ്ധീകരണശാലയും വനതാരയും ഗിഗാ ഫാക്റ്ററികളും സന്ദർശിക്കും.
ചൊവ്വാഴ്ച ഉച്ചയോടെ മുംബൈയിലെത്തിയ റൂബിയോ ആദ്യം ഗൗതം അദാനിയുമായും പിന്നീട് ചന്ദ്രശേഖരനുമായും കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സമുച്ചയത്തിലുള്ള എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന റിലയൻസിന്റെ ജാംനഗർ വ്യവസായ സമുച്ചയമാണ് റൂബിയോയുടെ സന്ദർശനത്തിലെ പ്രധാന കേന്ദ്രം. പ്രതിദിനം ഏകദേശം 14 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാനുള്ള സംയോജിത ശേഷി ഈ സമുച്ചയത്തിനുണ്ട്.
അനന്ത് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആരംഭിച്ച വന്യജീവി സംരക്ഷണ, ചികിത്സാ, പുനരധിവാസ പദ്ധതിയായ വനതാരയും ഇവിടെയാണ്. 3,500 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന കേന്ദ്രം പരുക്കേറ്റതും വംശനാശഭീഷണി നേരിടുന്നതുമായ വന്യമൃഗങ്ങളുടെയും രക്ഷപ്പെടുത്തിയ മൃഗങ്ങളുടെയും പരിചരണത്തിനും പുനരധിവാസത്തിനും വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നത്.
ജാംനഗർ സമുച്ചയത്തിലെ മറ്റൊരു പ്രധാന പദ്ധതിയാണ് റിലയൻസിന്റെ പുതിയ ഊർജ നിർമാണ കേന്ദ്രമായ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ്. 5,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങൾ, ഹരിത ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ, ഇന്ധന സെല്ലുകൾ, പവർ ഇലക്ട്രോണിക്സ് എന്നിവ നിർമിക്കുന്ന ഫാക്ടറികൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
വാണിജ്യ, തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎസും ശ്രമിക്കുന്നതിനിടെയാണ് റൂബിയോയുടെ സന്ദർശനം. ഊർജ സുരക്ഷ, നിർമാണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും സഹകരണ സാധ്യതകളുണ്ട്.