മാർക്കോ റൂബിയോ, രാഹുൽ ഗാന്ധി

 
India

മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം: കേന്ദ്രത്തോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി; വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമെന്ന് ആരോപണം

അമെരിക്കൻ സ്ഥാനപതി സെർജിയോ ഗോർ റൂബിയോ മുംബൈയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം

Sarath Nath MS

ന്യൂഡൽഹി: യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്തയാഴ്ച മുംബൈയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നാണ് രാഹുൽ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അമെരിക്കൻ അംബാസഡർ സെർജിയോ ഗോർ റൂബിയോ മുംബൈയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.

''റൂബിയോ തന്‍റെ ജീവനക്കാരനെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്. മോദിജി, വിദേശകാര്യ മന്ത്രാലയത്തിലെ നിങ്ങളുടെ ഉദ്യോഗസ്ഥർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയില്ല. നിങ്ങൾക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകാം. അല്ലെങ്കിൽ, ഞാൻ തന്നെ നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം''- എന്നായിരുന്നു രാഹുൽ എക്സിൽ കുറിച്ചത്. രാഹുലിന്‍റെ പരാമർശത്തിൽ കേന്ദ്ര സർക്കാരോ ബിജെപിയോ ഉടൻ പ്രതികരിച്ചിട്ടില്ല.

അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് കേന്ദ്രം സന്ദർശിച്ചശേഷം മുംബൈയിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഒക്റ്റോബർ 17 മുതൽ 22 വരെ നീളുന്ന സന്ദർശനത്തിന്‍റെ ഭാഗമായി മുംബൈയും ജാംനഗറും അദ്ദേഹം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

റൂബിയോയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും കോൺഗ്രസ് കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. മുംബൈയിൽ റൂബിയോയും ജയ്ശങ്കറും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.

റൂബിയോയുടെ മുംബൈ സന്ദർശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഗോർ പുറത്തുവിട്ടതിൽ അത്ഭുതമില്ലെന്നും എന്നാൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി റൂബിയോ കൂടിക്കാഴ്ച നടത്തുമെന്നും അതിൽ ജയ്ശങ്കർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞത് അസാധാരണമാണെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ രാജ്യത്തിനകത്തെ ഔദ്യോഗിക കൂടിക്കാഴ്ചകളെക്കുറിച്ചുള്ള പ്രഖ്യാപനം വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവിന് പകരം മറ്റൊരാൾ നടത്തുന്നത് എപ്പോൾ മുതലാണെന്നും അദ്ദേഹം ചോദിച്ചു.

ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിലെ സംവാദത്തിനിടെയാണ് റൂബിയോ മുംബൈയിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡൽഹിയിൽ നിന്നുള്ള മറ്റ് ഉദ്യോഗസ്ഥരും ജയ്ശങ്കറിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോർ അറിയിച്ചത്.