മെഹബൂബ മുഫ്തി
ശ്രീനഗർ: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. രാജ്യത്തെ മുസ്ലിംകളുടെ മതവികാരങ്ങളോട് സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് അവർ ആരോപിച്ചു.
ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള റേസ് കോഴ്സ് പള്ളിക്കാണ് അധികൃതർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. പള്ളിയിലെ ജല, വൈദ്യുതി കണക്ഷനുകളും വിച്ഛേദിച്ചു.
വിദേശ രാജ്യങ്ങളിലെ മുസ്ലിം പള്ളികൾ സന്ദർശിക്കുകയും അവയുടെ പ്രൗഢിയെ പ്രശംസിക്കുകയും ഇസ്ലാമിക വികാരങ്ങളോടും പൈതൃകത്തോടും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സർക്കാർ, സ്വന്തം രാജ്യത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള 120 വർഷം പഴക്കമുള്ള പള്ളിയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാക്കുകയാണെന്ന് മെഹബൂബ എക്സിലെ കുറിപ്പിൽ പറഞ്ഞു. വിദേശത്തെ പള്ളികളോടുള്ള ആദരവും ഇന്ത്യയിലെ മുസ്ലിംകളുടെ മതവികാരങ്ങളോടുള്ള അവഗണനയും തമ്മിലുള്ള വൈരുധ്യം അമ്പരപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒക്റ്റോബർ 19നാണ് പള്ളി ഭരണസമിതിക്ക് ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ആറ് ദിവസത്തിനകം സ്ഥലം ഒഴിയണമെന്നാണ് നിർദേശം.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസിന്റെ (എൽഡിഒ) ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പള്ളിയെന്നും അനധികൃത കൈയേറ്റവും നിർമാണവുമാണ് നടന്നതെന്നും നോട്ടീസിൽ പറയുന്നു.