മൈക്രോസോഫ്റ്റ് തകരാർ ഡൽഹിയിലെ വിമാന സർവീസുകളെയും ബാധിച്ചു

 

file images

India

മൈക്രോസോഫ്റ്റ് തകരാർ വിമാന സർവീസുകളെയും ബാധിച്ചു; ഡൽഹിയിൽ മൂന്ന് വിമാനങ്ങൾ റദാക്കി, രണ്ടെണ്ണം വൈകി

മൈക്രോസോഫ്റ്റിന്‍റെ വിവിധ സേവനങ്ങളിലുണ്ടായ തടസമാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചത്

Sarath Nath MS

ന്യൂഡൽഹി: ആഗോളതലത്തിലുണ്ടായ മൈക്രോസോഫ്റ്റ് സേവന തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങൾ റദാക്കിയതായി സ്പൈസ് ജെറ്റ് അറിയിച്ചു. രണ്ട് വിമാനങ്ങൾ വൈകുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് സ്പൈസ് ജെറ്റ് റദാക്കിയത്. ഡൽഹി-പുനെ, ഡൽഹി-ലേ, ഡൽഹി-മുംബൈ സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹി-ദർഭംഗ, ഡൽഹി-മുംബൈ സർവീസുകൾ വൈകുകയും ചെയ്തു.

അതേസമയം, മൈക്രോസോഫ്റ്റ് തകരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ ആശയവിനിമയ സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാരുടെ ഇ-മെയിലുകൾ തടസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇ-മെയിൽ ട്രാഫിക് താൽക്കാലികമായി മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ലഭിക്കുന്ന ഇ-മെയിലുകൾക്ക് പതിവുപോലെ 24 മണിക്കൂറിനുള്ളിൽ മറുപടി നൽകുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ വിമാനങ്ങളുടെ സമയവിവരങ്ങൾ പരിശോധിക്കണമെന്ന് വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും നിർദേശിച്ചു.

മൈക്രോസോഫ്റ്റ് തകരാറിന്‍റെ പശ്ചാത്തലത്തിൽ ഇൻഡിഗോയും ആകാശ എയറും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയ അറിയിപ്പുകളും നിരന്തരം പരിശോധിക്കണമെന്നാണ് നിർദേശം. ഡൽഹി വിമാനത്താവളവും യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ വിവിധ സേവനങ്ങളിലുണ്ടായ തടസമാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചത്. ആഗോളതലത്തിൽ ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.