കൂടിക്കാഴ്ചയിൽ നിന്നും

 
India

ബിജെപി ദേശീയ അധ‍്യക്ഷനുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; ടെസ്റ്റ് വിരമിക്കലിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക്?

ബിജെപി ന‍്യൂനപക്ഷ മോർച്ച അധ‍്യക്ഷൻ കുൻവർ ബാസിത് അലിയും യോഗത്തിൽ പങ്കെടുത്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു

Aswin AM

ന‍്യൂഡൽഹി: ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത‍്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. അടുത്തിടെ ഷമിയുടെ സഹതാരമായ യുസ്‌വേന്ദ്ര ചഹൽ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ച.

ബിജെപി ന‍്യൂനപക്ഷ മോർച്ച അധ‍്യക്ഷൻ കുൻവർ ബാസിത് അലിയും യോഗത്തിൽ പങ്കെടുത്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിൽ കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിച്ച ഷമി രാഷ്ട്രീയ രംഗത്തേക്ക് ചുവടുവയ്ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നവംബർ 6നാണ് 13 വർഷം നീണ്ടു നിന്ന ടെസ്റ്റ് ക്രിക്കറ്റ് കരിയർ ഷമി അവസാനിപ്പിച്ചത്. 64 ടെസ്റ്റ് മത്സരങ്ങൾ ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരം 122 ഇന്നിങ്സുകളിൽ നിന്നായി 27.71 ബൗളിങ് ശരാശരിയിൽ 229 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരേ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. രണ്ട് ഇന്നിങ്സുകളിലും ഷമി 2 വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും 209 റൺസിന് ഇന്ത‍്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇത്തവണത്തെ ഐപിഎൽ സീസണിൽ ഷമി രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് കളിക്കുക. താരലേലത്തിന് മുന്നോടിയായി താരകൈമാറ്റത്തിലൂടെ ഷമിയെ ലഖ്നൗ സൂപ്പർ ജയന്‍റ്സിൽ നിന്നുമാണ് രാജസ്ഥാൻ റോയൽസിലെത്തിച്ചത്.