പഞ്ചസാര ലഭ്യതയ്ക്ക് മുൻഗണന; എഥനോളിന് വേണ്ടി കരിമ്പ് ജ്യൂസാക്കി മാറ്റുന്നത് നിർത്താൻ നീക്കം

 
India

പഞ്ചസാര ലഭ്യതയ്ക്ക് മുൻഗണന; എഥനോളിന് വേണ്ടി കരിമ്പ് ജ്യൂസാക്കി മാറ്റുന്നത് നിർത്താൻ നീക്കം

നിർദിഷ്ട നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ, കൂടുതൽ കരിമ്പ് എഥനോൾ ഉൽപാദനത്തിന് പകരം പഞ്ചസാര ഉൽപാദനത്തിനായി ഉപയോഗിക്കാൻ കഴിയും. ‌

MV Desk

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്നതിന്‍റെ ഭാഗമായി, 2026-27 എഥനോൾ സപ്ലൈ വർഷത്തിൽ കരിമ്പ് നീര്, സിറപ്പ്, ബി-ഹെവി മൊളാസിസ് (പാനി) എന്നിവ എഥനോൾ ഉൽപാദനത്തിനായി മാറ്റിവയ്ക്കുന്നത് ഇന്ത്യ നിർത്തിയേക്കും. 2025-26 പഞ്ചസാര സീസണിലെ ഉൽപാദനം പ്രാഥമികമായി കണക്കാക്കിയതിനെക്കാൾ ഏകദേശം 11 ശതമാനം കുറഞ്ഞതിനെ തുടർന്നാണ് നിർദിഷ്ട നിയന്ത്രണം വരുന്നത്.

പ്രധാന ഉൽപാദക സംസ്ഥാനങ്ങളിൽ വിളരോഗങ്ങൾ, വെള്ളക്കെട്ട്, പ്രതികൂല കാലാവസ്ഥ എന്നിവയും ഉൽപാദനത്തെ ബാധിച്ചു. മഹാരാഷ്ട്രയിലും കർണാടകയിലും വരൾച്ചാ സാഹചര്യം നിലനിൽക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

രാജ്യത്തെ ആഭ്യന്തര പഞ്ചസാര ലഭ്യതയും നിലവിൽ പരിമിതമാണ്. സെപ്റ്റംബർ 30ന് അവസാനിച്ച സീസണിൽ ഏകദേശം 30 ലക്ഷം ടൺ പഞ്ചസാരയാണ് എഥനോൾ ഉൽപാദനത്തിനായി മാറ്റിവച്ചത്. ഇത് ആകെ ഉൽപാദനത്തിന്‍റെ ഏകദേശം 10 ശതമാനമാണ്. 2026-27 പഞ്ചസാര സീസൺ ആരംഭിക്കുമ്പോൾ രാജ്യത്തെ പഞ്ചസാരയുടെ തുടക്ക ശേഖരം ഏകദേശം 37.5 ലക്ഷം ടണ്ണായിരുന്നു. മുൻവർഷം ഇത് ഏകദേശം 50 ലക്ഷം ടണ്ണായിരുന്നു.

എഥനോൾ ഉൽപാദനത്തിനായി മാറ്റിവയ്ക്കുന്ന പഞ്ചസാരയുടെ വിഹിതം 2022-23ൽ ഏകദേശം 12 ശതമാനത്തിൽ നിന്ന് 2025-26ൽ 9 ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2025-26 സീസണിലെ ഇന്ത്യയുടെ പഞ്ചസാര ഉൽപാദനം ആദ്യം ഏകദേശം 343 ലക്ഷം ടണ്ണായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, എഥനോളിനായി മാറ്റിവച്ച പഞ്ചസാര ഉൾപ്പെടെ, ഓഗസ്റ്റിൽ ഇത് ഏകദേശം 306 ലക്ഷം ടണ്ണായി പുതുക്കി കണക്കാക്കി.

നിർദിഷ്ട നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ, കൂടുതൽ കരിമ്പ് എഥനോൾ ഉൽപാദനത്തിന് പകരം പഞ്ചസാര ഉൽപാദനത്തിനായി ഉപയോഗിക്കാൻ കഴിയും. ‌