ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരേ സ്വന്തം പാർട്ടിയായ നാഷനൽ കോൺഫറൻസിൽ വിമതനീക്കം ശക്തമാകുന്നു. മന്ത്രിസഭാ വികസനത്തിന് പിന്നാലെ അതൃപ്തിയിലായ 24 എംഎൽഎമാർ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരേ രംഗത്തെത്തി. പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങളും ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന ആവശ്യവുമായി വിമത എംഎൽഎമാർ ശ്രീനഗറിൽ യോഗം ചേർന്നു.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചില മന്ത്രിമാരെയും സ്ഥാനത്ത് നിന്ന് നീക്കണമെന്നതാണ് വിമതരുടെ പ്രധാന ആവശ്യമെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വൈകിട്ട് ഭരണകക്ഷിയിലെ 18 എംഎൽഎമാർ ശ്രീനഗറിൽ യോഗം ചേർന്ന് പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി പോരാടുമെന്ന് പ്രഖ്യാപിച്ചു. ആറ് എംഎൽഎമാർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കുചേർന്ന് പിന്തുണ അറിയിച്ചു. കശ്മീർ താഴ്വരയിൽ നിന്നും ജമ്മു മേഖലയിൽ നിന്നുമുള്ള ജനപ്രതിനിധികൾ വിമതസംഘത്തിലുണ്ടെന്നാണ് വിവരം.
24 എംഎൽഎമാർ വിമതപക്ഷത്തേക്ക് എത്തിയതോടെ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിന് വെല്ലുവിളി ഉയർന്നിരിക്കുകയാണ്. 90 അംഗ ജമ്മു കശ്മീർ നിയമസഭയിൽ നാഷനൽ കോൺഫറൻസിന് 41 അംഗങ്ങളാണുള്ളത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാരുടെയും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാർട്ടി സർക്കാർ രൂപീകരിച്ചത്.
എംഎൽഎ ഖൈസർ ജംഷീദ് ലോണിന്റെ വസതിയിലായിരുന്നു യോഗം. നാല് പ്രധാന ആവശ്യങ്ങളാണ് വിമത എംഎൽഎമാർ മുന്നോട്ടുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയെ നീക്കുക, ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയെ പുറത്താക്കുക, രണ്ടുവർഷം പൂർത്തിയാക്കിയ മന്ത്രിമാരെ ഒഴിവാക്കുക, മന്ത്രിസഭ പുനഃസംഘടിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. ഇതുസംബന്ധിച്ച പ്രമേയത്തിൽ എംഎൽഎമാർ ഒപ്പിട്ടുവെന്നാണ് വിവരം.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആവശ്യങ്ങൾ അറിയിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു വിമത എംഎൽഎ പറഞ്ഞു. പാർട്ടിക്കെതിരെയല്ല തങ്ങളുടെ നീക്കമെന്നും എന്നാൽ നിലവിലെ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെയും സർക്കാരിന്റെയും താൽപര്യങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടിക്കുള്ളിലെ അതൃപ്തി പരിഹരിക്കാനാണ് അടുത്തിടെ മന്ത്രിസഭാ പുനഃസംഘടന നടത്തിയതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ നീക്കം നാഷനൽ കോൺഫറൻസിലെ ഒരു വിഭാഗം എംഎൽഎമാരുടെ അതൃപ്തി കൂടുതൽ വർധിപ്പിച്ചതായാണ് വിലയിരുത്തൽ.
നാഷനൽ കോൺഫറൻസിലെ അസംതൃപ്തി വർധിക്കുന്നതിനിടെയാണ് ശ്രീനഗർ എംപിയും മുതിർന്ന നേതാവുമായ ആഗാ റൂഹുല്ല പാർലമെന്റ് അംഗത്വവും പാർട്ടി അംഗത്വവും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. അബ്ദുള്ള കുടുംബവുമായി ദീർഘകാലമായി അഭിപ്രായവ്യത്യാസം പുലർത്തുന്ന നേതാവാണ് റൂഹുല്ല. പാർട്ടി വിടാനും സ്വന്തം രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടുപോകാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.