Multiple FIRs against MLA Jitendra Awhad 
India

ശ്രീരാമനെക്കുറിച്ച് പരാമർശം: എംഎൽഎ ജിതേന്ദ്ര അവാദിനെതിരെ ഒന്നിലധികം എഫ്ഐആർ

4 വർഷം വനത്തിൽ ജീവിക്കുന്ന ആൾക്ക് സസ്യാഹാരം ആകാൻ കഴിയില്ല എന്ന് കൂടി ജിതേന്ദ്ര അവാദ് തന്‍റെ പ്രസ്‍താവനയിൽ പറഞ്ഞിരുന്നു.

MV Desk

മുംബൈ: ശ്രീരാമനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-ശരദ് പവാർ ഗ്രൂപ്പ്) എംഎൽഎ ജിതേന്ദ്ര അവാദ് നെതിരെ ഒന്നിലധികം എഫ്ഐആർ. മുംബൈ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഈ കേസുകൾ രജിസ്റ്റർ ചെയ്തത്.

ബിജെപി എംഎൽഎ രാം കദമിനെതിരെ ഐപിസി സെക്ഷൻ 295 (എ) (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികളുമായി ബന്ധപ്പെട്ടത്) പ്രകാരം ഘട്‌കോപ്പർ പൊലീസ് സ്റ്റേഷനിൽ എൻസിപി എം‌എൽ‌എയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബജ്‌റംഗ്ദളിന്‍റെ കോർഡിനേറ്ററായ ഗൗതം രാവ്രിയയും എംഐഡിസി പൊലീസ് സ്റ്റേഷനിൽ സെക്ഷൻ 295(എ) പ്രകാരം അവ്‌ഹാദിനെതിരെ സമാനമായ കേസ് ഫയൽ ചെയ്തു. ഇതേത്തുടർന്ന് പൂനെ പൊലീസ്, ഷിർദി പൊലീസ്, മീരാ-ഭയാന്ദർ പൊലീസ് എന്നിവരും എൻസിപി നേതാവിനെതിരെ കേസെടുത്തിട്ടുണ്ട്.

ജനുവരി 3 ന് ഷിർദിയിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ ആണ് വിവാദ പരാമർശം നടത്തിയത്. “രാമൻ ബഹുജനങ്ങളുടെ രാജാവായിരുന്നുവെന്നും, വേട്ടയാടുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്ന ആളാണ് എന്നുമാണ് മുൻ മഹാരാഷ്ട്ര മന്ത്രി അന്ന് പ്രസ്താവന നടത്തിയത്.14 വർഷം വനത്തിൽ ജീവിക്കുന്ന ആൾക്ക് സസ്യാഹാരം ആകാൻ കഴിയില്ല എന്ന് കൂടി ജിതേന്ദ്ര അവാദ് തന്‍റെ പ്രസ്‍താവനയിൽ പറഞ്ഞിരുന്നു.