ഫയൽ ചിത്രം
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 18 വർഷം പിന്നിടുമ്പോഴും, ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്ക് പരിശീലനം നൽകിയതായി അജ്മൽ കസബ് മൊഴി നൽകിയ പാക്കിസ്ഥാൻ സൈന്യത്തിലെ മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വ്യക്തിത്വം ഇപ്പോഴും ദുരൂഹമായി തുടരുന്നു.
2009ൽ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 32 പാക്കിസ്ഥാൻ പൗരന്മാരെ പ്രതികളാക്കിയിരുന്നു. ഇതിൽ ഒരാളുടെ പേര് മാത്രം കണ്ടെത്താനായിട്ടില്ല. ‘പ്രതി നമ്പർ 20: മേജർ ജനറൽ സാഹിബ് – പേര് അറിയില്ല’ എന്നാണ് ഇയാളെക്കുറിച്ച് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ആക്രമണത്തിൽ ജീവനോടെ പിടികൂടിയ ഏക ഭീകരനായ അജ്മൽ കസബ്, ചോദ്യം ചെയ്യലിനിടെ ഈ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് വിശദമായ മൊഴി നൽകിയിരുന്നു. ലഷ്കർ-ഇ-തൊയ്ബയുടെയും പാക്കിസ്ഥാൻ സൈന്യത്തിന്റെയും നേതൃത്വത്തിൽ നടന്ന പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നതായാണ് കസബിന്റെ മൊഴി.
'മേജർ ജനറൽ സാഹിബ്' എന്ന് അറിയപ്പെടുന്ന ഇയാളുടെ ഫോട്ടോയോ രേഖാചിത്രമോ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കസബിന്റെ പൊലീസ് ചോദ്യം ചെയ്യൽ റിപ്പോർട്ടാണ് മാത്രമാണ് ഇയാളെക്കുറിച്ചുള്ള പ്രധാന സൂചന.
മുസഫറാബാദിലെ ലഷ്കർ പരിശീലന ക്യാമ്പിൽ ഈ ഉദ്യോഗസ്ഥൻ പതിവായി സന്ദർശനം നടത്തിയിരുന്നതായി കസബ് മൊഴി നൽകിയിരുന്നു. ഇയാളെ ‘മേജർ ജനറൽ സാഹിബ്’ എന്നാണ് വിളിച്ചിരുന്നതെന്നും കസബ് പറഞ്ഞു. എട്ട് ആഴ്ച നീണ്ട പരിശീലനത്തിന് മേൽനോട്ടം വഹിച്ചത് ഈ ഉദ്യോഗസ്ഥനാണെന്നും പരിശീലനം ഭീകരരെ ‘പൂർണ ജിഹാദികളാക്കി’ മാറ്റിയെന്നും കസബിന്റെ മൊഴിയിൽ പറയുന്നു.
2008 ഓഗസ്റ്റിൽ പരിശീലന ക്യാമ്പിലെത്തിയ മേജർ ജനറൽ സാഹിബ് ഭീകരരുടെ തയ്യാറെടുപ്പ് പരിശോധിച്ചതായും കസബ് നൽകിയ മൊഴിയിലുണ്ട്. വെടിവയ്പ്പ് പരിശീലനത്തിനിടെ 10 ലക്ഷ്യങ്ങളിലേക്ക് വെടിയുതിർക്കാൻ നിർദേശിച്ചു. കസബ് ഉൾപ്പെടെയുള്ളവർ ലക്ഷ്യങ്ങൾ കൃത്യമായി ഭേദിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥൻ കസബിന്റെ പുറത്ത് തട്ടി അഭിനന്ദിച്ചതായും മൊഴിയിലുണ്ട്.
കസബിന്റെയും ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ പാക്കിസ്ഥാൻ സൈന്യത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. മേജർ ജനറൽ മുഹമ്മദ് ഖാലിദ് റാവു, സ്പെഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓർഗനൈസേഷനിലെ കേണൽ സദാത്തുള്ള, മേജർ ഇഖ്ബാൽ, ഇയാളുടെ മേലുദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണൽ ഹംസ എന്നിവരടക്കമുള്ളവരുടെ പേരുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിന്റെ ആസൂത്രണത്തിലും പരിശീലനത്തിലും പങ്കുണ്ടെന്ന് കസബ് മൊഴി നൽകിയ മേജർ ജനറൽ സാഹിബിന്റെ യഥാർഥ പേര് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
2008 നവംബർ 26-ന് മുംബൈയിൽ കസബ് അടക്കമുള്ള 10 ഭീകരർ നടത്തിയ ആക്രമണത്തിൽ 170-ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 26 പേർ വിദേശികളായിരുന്നു.