പഞ്ചാബിലെ ലഹരിവിരുദ്ധ പ്രവർത്തകന്‍റെ കൊലപാതകം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

 

file

India

പഞ്ചാബിലെ ലഹരിവിരുദ്ധ പ്രവർത്തകന്‍റെ കൊലപാതകം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

കൊലപാതകം സിബിഐ അന്വേഷിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു

Sarath Nath MS

ന്യൂഡൽഹി: പഞ്ചാബിലെ മാൻസയിൽ ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിങ് ജോട്ട കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കേസന്വേഷണം ഏറ്റെടുത്തു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥരുടെ സംഘം പഞ്ചാബിലെത്തിയതായി അധികൃതർ അറിയിച്ചു.

കൊലപാതകം സിബിഐ അന്വേഷിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ജോട്ടയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് കൈമാറുന്നതെന്നും ലഹരിമരുന്ന് വിൽപനക്കാർക്കെതിരായ പോരാട്ടത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

അനധികൃതമായി ലഹരിവസ്തുക്കൾ വിൽക്കുന്നതിനെതിരേ ശബ്ദമുയർത്തിയിരുന്ന ജോട്ട ഒക്റ്റോബർ 13നാണ് മാൻസയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലുള്ള മെഡിക്കൽ സ്റ്റോറിനുള്ളിൽ വെടിയേറ്റ് മരിച്ചത്. ലഹരിവസ്തുക്കൾ വിൽക്കുന്നതിനെ ജോട്ട ചോദ്യം ചെയ്തതിനെ തുടർന്ന് കടയുടമ അശ്വനി കുമാർ വെടിയുതിർത്തെന്നാണ് ആരോപണം. രാജസ്ഥാനിലെ സലാസറിൽ നിന്നാണ് അശ്വനി കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. ജോട്ട കൊല്ലപ്പെട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടവും സംസ്കാരവും നടന്നിട്ടില്ല. നീതി ലഭിക്കുന്നതുവരെ അന്ത്യകർമങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബാംഗങ്ങളും അനുയായികളുമെന്നാണ് വിവരം.