വിജയ് വിദ്യാർഥികൾക്കൊപ്പം
ചെന്നൈ: വിദ്യാർഥികൾക്കൊപ്പം ചിൽ വൈബിൽ സമയം ചെലവഴിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. 10-12 ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർഥികളുടെ ക്ഷേമം കൂടി കണക്കിലെടുത്താണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് വിജയ് പറഞ്ഞു. കുട്ടികൾ ചീത്ത ശീലങ്ങൾക്ക് അടിമകളാകരുത്, അഴിമതിയിൽ നിന്നും ലഹരി മരുന്നുകളിൽ നിന്നും അകന്നു നിൽക്കണം. ആരെങ്കിലും നിങ്ങളുടെ പാതയിൽ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വിജയം സുനിശ്ചിതമാണെന്നാണ് അർഥമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനവും വിജയ് നേരിട്ട് വിതരണം ചെയ്തു. പുരസ്കാരം വാങ്ങാനെത്തിയ വിദ്യാർഥികളോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കാനും വിജയ് സമയം കണ്ടെത്തി. കൂടാതെ വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരമുള്ള ഫോട്ടോകൾക്കും വിജയ് പോസ് ചെയ്തു.
അഞ്ച് ജില്ലകളിൽ നിന്നുള്ള 30 മണ്ഡലങ്ങളിൽ നിന്നുള്ള മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്. ടിവികെയുടെ വാർഷിക വിദ്യാഭ്യാസ പുരസ്കാര പരിപാടിയുടെ ആദ്യ ഘട്ടമാണിത്. നീലങ്കരൈയിൽ ആർകെ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു പരിപാടി.