മാത്യു വാൻഡൈക്ക്
ന്യൂഡൽഹി: മ്യാൻമറിലെ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകിയെന്ന കേസിൽ പ്രതിയായ അമെരിക്കൻ കൂലിപ്പട്ടാളക്കാരനായ മാത്യു വാൻഡൈക്ക് ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി കോടതിയിൽ ഹാജരായി. ഒരു മാസത്തേക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് യുഎസ് പൗരനായ വാൻഡൈക്ക് അമെരിക്കയിലേക്ക് മടങ്ങിയിരുന്നത്. വെള്ളിയാഴ്ചയാണ് അദ്ദേഹം കോടതിയിൽ ഹാജരായത്.
ഇന്ത്യയിൽ തിരിച്ചെത്തിയാൽ 72 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാകണമെന്ന് കഴിഞ്ഞ മാസം കോടതി നിർദേശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ വാൻഡൈക്ക് പൂർത്തിയാക്കിവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം വാൻഡൈക്കിനൊപ്പം മാർച്ച് 13ന് അറസ്റ്റിലായ ആറ് യുക്രെയ്ൻ പൗരന്മാർ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല. വാൻഡൈക്കിനും ആറ് യുക്രെയ്ൻ പൗരന്മാർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിഞ്ഞ മാസം ഡൽഹി കോടതി അനുമതി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലായിരുന്നു അനുമതി.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുഎപിഎ പ്രകാരം മാർച്ചിലാണ് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. എന്നാൽ, സെപ്റ്റംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ യുഎപിഎ വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
നിയമത്തിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയടച്ചതിനെ തുടർന്ന് വാൻഡൈക്കിന് കഴിഞ്ഞ മാസം കോടതി ഡിഫോൾട്ട് ജാമ്യം അനുവദിച്ചിരുന്നു. യുഎപിഎ പ്രകാരമുള്ള അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
മ്യാൻമറിലെ സായുധ സംഘങ്ങൾക്ക് ഡ്രോൺ യുദ്ധമുറകൾ, ഡ്രോൺ പ്രവർത്തനം, ഡ്രോൺ ഘടിപ്പിക്കൽ, സിഗ്നൽ തടസപ്പെടുത്തൽ തുടങ്ങിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകിയെന്നാണ് ഏഴ് പേർക്കുമെതിരായ എൻഐഎയുടെ ആരോപണം. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ സായുധ സംഘടനകളുമായി ബന്ധമുള്ള സംഘങ്ങൾക്കും പരിശീലനത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.