എൽ നിനോ ഇന്ത്യയെ ചുട്ടുപൊള്ളിക്കും; മാർച്ചിൽ 55,000 പേർ മരിക്കുമെന്ന് പ്രവചനം
Freepik.com
എൽ നിനോ മൂലമുള്ള കടുത്ത ചൂടും വരൾച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റുമെല്ലാം ലോകത്തിനിപ്പോൾ പരിചിതമാണ്. അടുത്ത വർഷം എൽ നിനോയുടെ ശക്തി ഇനിയും കടുക്കുമെന്നാണ് ഗവേഷകർ പ്രവചിക്കുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ എൽ നിനോ മൂലം ആഗോളതലത്തിൽ 3,73,000 പേർ മരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രവചനം. വരും നാളുകളിൽ എൽ നിനോയുടെ ദൂഷ്യഫലങ്ങൾ ഏറെയും അനുഭവിക്കേണ്ടി വരുന്ന നാടുകളിൽ ഒന്നായിരിക്കും ഇന്ത്യയെന്ന് ക്ലൈമറ്റ് ഇംപാക്റ്റ് ലാബ് സഹസ്ഥാപകൻ മൈക്കിൾ ഗ്രീൻസ്റ്റോൺ പറയുന്നു. ഒക്റ്റോബർ മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ കടുത്ത ചൂടു മൂലം 55,000 പേരെങ്കിലും മരിക്കുമെന്നും അതിൽ ഏറ്റവും കൂടുതൽ പേരുടെ ജീവൻ പൊലിയുന്നത് മാർച്ചിലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. നൈജീരിയയിലും ഏതാണ്ട് ഇത്രയും പേർ തന്നെ മരിക്കുമെന്നാണ് പ്രവചനം.
പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം ആഗോള കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുന്ന പ്രതിഭാസമാണ് എൽ നിനോ. എൽ നിനോ കൂടുതലായി ബാധിക്കുന്ന മേഖലകളിൽ ഒന്നാണ് ദക്ഷിണ കിഴക്കൻ ഏഷ്യ. ഇന്തോനേഷ്യയിൽ 29000 പേരും ബ്രസീലിൽ 19,000 പേരും മരിക്കുമെന്നും പ്രവചനമുണ്ട്. എൽ നിനോ മൂലം മുംബൈയിലെ അന്തരീക്ഷ മലിനീകരണം വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മുംബൈയിൽ ഉണ്ടായിരുന്ന കാറ്റിന്റെ വേഗം കുറയും. ശക്തമായ കാറ്റ് നഗരത്തിന് നൽകിയിരുന്ന സുരക്ഷിതത്വം അതോടെ ഇല്ലാതാകുമെന്ന് സഫാർ പ്രോജക്റ്റ് ഡയറക്റ്റകർ ഡോ. ഗുർഫാൻ ബെയ്ജ് പറയുന്നു.
1950നു ശേഷം ലോകം ഏറ്റവും ശക്തമായ എൽ നിനോക്ക് ആണ് സാക്ഷ്യം വഹിക്കുന്നതെന്നും അതിന്റെ മൂർധന്യാവസ്ഥ ഇനിയും വന്നിട്ടില്ലെന്നും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പറയുന്നു.
ഡിസംബറോടെ എൽനിനോയുടെ ശക്തി വർധിക്കും. ശരാശരിയിൽ കൂടുതൽ താപനില ഭൂമിയിലുണ്ടാകുകയും മഴയുടെ ഇടവേളകളിൽ മാറ്റമുണ്ടാകുകയും ചെയ്യും. അതു മൂലം വരൾച്ചയുടെയും പ്രളയത്തിന്റെയും സാധ്യതകൾ പല മേഖലകളിലും കൂടുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.